Skip to main content
വെള്ളൂർ കിഴക്കമ്പലത്ത് പ്രവർത്തിക്കുന്ന നഗരസഭ വനിത വ്യായാമ കേന്ദ്രം

വനിതകൾക്കായി പയ്യന്നൂർ നഗരസഭയുടെ വ്യായാമകേന്ദ്രം

 

 

തിരക്കുകൾക്കിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ പറ്റാത്തവരാണ് മിക്ക സ്ത്രീകളും. വീട്ടുജോലി തന്നെയാണ് ഏറ്റവും വലിയ വ്യായാമമെന്ന് ആശ്വസിക്കുന്നവരും കുറവല്ല. ജീവിത ശൈലിരോഗങ്ങൾ പെരുകുന്ന കാലത്ത് കൃത്യമായ വ്യായാമത്തിന് സ്ത്രീകൾക്കായി ഇടം ഒരുക്കിയിരിക്കുകയാണ് പയ്യന്നൂർ നഗരസഭ.

ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം നിലനിർത്താൻ വെള്ളൂർ കിഴക്കമ്പലത്തെ വനിത വ്യായാമ കേന്ദ്രത്തിൽ എത്തുന്നത് എൺപതോളം പേരാണ്. ശാസ്ത്രീയ വ്യായാമരീതികൾ ഒരുക്കുക, സ്ത്രീ സൗഹൃദ വ്യായാമ അന്തരീക്ഷം വളർത്തുക എന്നിവയാണ് നഗരസഭ ലക്ഷ്യമിടുന്നത്. രണ്ടാം വാർഡിൽ 18 ലക്ഷം രൂപ ചെലവിലാണ് കേന്ദ്രം നിർമിച്ചത്. യോഗ, ഫിറ്റ്നസ് പരിശീലനങ്ങളാണ് നൽകുന്നത്. കഴിഞ്ഞ അന്താരാഷ്ട്ര യോഗദിനത്തിലാണ് പരിശീലനം തുടങ്ങിയത്. 17 വയസ്സുള്ള എം നിഖില മുതൽ 60 വയസ്സുകാരി ടി സാവിത്രി വരെയുള്ള വിവിധ പ്രായക്കാർ ഇവിടെയെത്തുന്നു. തിങ്കൾ മുതൽ ശനി വരെ രാവിലെയും വൈകിട്ടും അഞ്ചര മുതൽ ഏഴര വരെയാണ് പരിശീലനം. നാല് ബാച്ചുകളായാണ് വ്യായാമത്തിനെത്തുന്നത്. കൂടുതൽ ബാച്ചുകൾ തുടങ്ങാൻ ആലോചനയുണ്ട്.

ദേശീയ കബഡി താരവും ഫിസിക്കൽ ട്രെയിനറുമായ കെ രജിനയാണ് പരിശീലക. പെരുമ്പ ലത്തീഫിയ സ്‌കൂളിലെ കായികാധ്യാപിക കൂടിയാണ് രജിന. വ്യായാമ മുറകൾ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ടെന്ന് ഇവിടെയെത്തുന്നവർ പറയുന്നു. വിദ്യാർഥിനികളും വീട്ടമ്മമാരും ജോലിക്കുപോകുന്നവരും ഈ കൂട്ടത്തിലുണ്ട്. വ്യായാമ കേന്ദ്രത്തിലെ ഒത്തു ചേരലും ഇവർ ആസ്വദിക്കുന്നു.  

ബോഡി സ്ട്രെച്ചിംഗ്, എയ്റോബിക്സ്, ജിം, റിലാക്സിംഗ് തുടങ്ങിയവയാണ് പരിശീലിപ്പിക്കുന്നത്.  ട്രെഡ്മിൽ, സ്പിൻ ബൈക്ക്, ട്വിസ്റ്റർ, ഹെഡ് ഹെക്സ് ഡംപലുകൾ, പ്ലെയിൻ ബാറുകൾ, കെറ്റിൽ ബെല്ലുകൾ, വെയിംഗ് മെഷീൻ, യോഗ മാറ്റുകൾ, സ്‌കിപ്പിംഗ് വയറുകൾ തുടങ്ങി അഞ്ച് ലക്ഷം രൂപയുടെ ഉപകരണങ്ങളും സാധന സാമഗ്രികളും നഗരസഭ നൽകി. പരിശീലന ഫീസായി നാമമാത്രമായ തുകയാണ് ഈടാക്കുന്നത്

date