Skip to main content

കണ്യാട്ടുനിരപ്പ് കുടിവെളള പദ്ധതി; മണ്ണ് പരിശോധന പൂര്‍ത്തിയായി കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം ലക്ഷ്യം

 

    തിരുവാണിയൂര്‍ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിനു ശാശ്വത പരിഹാരം ലക്ഷ്യമാക്കി കണ്ണ്യാട്ടുനിരപ്പ് കുടിവെളള പദ്ധതി. ജലജീവന്‍ മിഷന്റെ ഭാഗമായി ഏഴര ലക്ഷം ലിറ്റര്‍ ശേഷിയുള്ള കുടിവെള്ള ടാങ്ക് നിര്‍മ്മിക്കാനാണു ലക്ഷ്യമിടുന്നത്. പദ്ധതിക്ക് മുന്നോടിയായുള്ള മണ്ണ് പരിശോധന പൂര്‍ത്തിയായി.

    നേരത്തെ തന്നെ ഭരണാനുമതി ലഭിച്ച പദ്ധതിക്കായി സ്വകാര്യ ഉടമസ്ഥതയിലുളള ഭൂമി ഏറ്റെടുത്തിരുന്നു. 2024 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കി കമ്മീഷന്‍ ചെയ്യാനാണ് അധികൃതരുടെ ലക്ഷ്യം. മണ്ണ് പരിശോധനയുടെ ഫലം ലഭിച്ചാലുടന്‍ സാങ്കേതിക അനുമതികൂടി നേടിയെടുത്ത് ടെന്‍ഡര്‍ വിളിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍ പ്രകാശന്‍ അറിയിച്ചു.  

    48 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതി പൂര്‍ത്തിയാകുന്നതോടെ 10 വാര്‍ഡുകളിലായി ആയിരക്കണക്കിനു കുടുംബങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനാകും ശാശ്വതമായ പരിഹാരമാകുക. ഇതില്‍ 6 കോടി രൂപയാണ് പഞ്ചായത്ത് വിഹിതമായി നല്‍കുന്നത്. ബാക്കിതുക കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ചെലവഴിക്കും.

    കക്കാട് - വെണ്മണി, പുളിനിരപ്പ് - ലക്ഷം വീട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് രണ്ടു ചെറുകിട പദ്ധതികള്‍ നിര്‍മിക്കാനും ഭരണ സമിതി ലക്ഷ്യമിടുന്നുണ്ട്. പുത്തന്‍കുരിശ് പള്ളിക്ക് സമീപത്തെ കുടിവെള്ള പദ്ധതി കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ വടവുകോട് - പുത്തന്‍കുരിശ് പഞ്ചായത്തിനു പുറമേ തിരുവാണിയൂരിലെ 6 വാര്‍ഡുകളില്‍കൂടി വേനല്‍ കാലത്തുണ്ടാകുന്ന കുടിവെള്ള പ്രശ്‌നം ഒഴിവാകും.

date