Skip to main content
മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ ചേർന്ന ടൂറിസം ഗ്രാമസഭ യോഗം

ടൂറിസം സര്‍ക്യൂട്ട് പദ്ധതി: ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഗ്രാമീണ ടൂറിസം ഗ്രാമസഭ ചേര്‍ന്നു

 

    മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഭാഗമായി ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് സംയുക്തമായി ഏറ്റെടുക്കുന്ന ഗ്രാമീണ ടൂറിസം പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനത്തിനായി ടൂറിസം ഗ്രാമസഭ  ചേര്‍ന്നു. ആമ്പല്ലൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന ടൂറിസം ഗ്രാമസഭ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു.പി.നായര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അംഗം  എം.പി.ശിവദത്തന്‍ വിഷയാവതരണം നടത്തി.

     മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ തീരപ്രദേശങ്ങളെയും കാര്‍ഷിക പ്രദേശങ്ങളെയും ചരിത്ര സ്മാരകങ്ങളെയും ടൂറിസം പദ്ധതിയുടെ ഭാഗമാക്കി ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ ടൂറിസം സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കുന്നത്.

    ക്രൂയിസ് ടൂറിസത്തിന് എറണാകുളത്തെത്തുന്ന വിദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ആകര്‍ഷകമായ രീതിയില്‍ ടൂറിസം രംഗത്തെ ഉപയോഗപ്പെടുത്തുകയാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തില്‍ ഹോം സ്റ്റേ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സംരംഭകര്‍ക്കു പരിശീലനവും ലൈസന്‍സിനു വേണ്ട സഹായങ്ങളും പഞ്ചായത്തില്‍ നിന്നു നല്‍കും. പഞ്ചായത്തിലെ പ്രത്യേക ഭക്ഷണ വിഭവങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, പുഞ്ചകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി പാക്കേജുകള്‍ക്കു രൂപം നല്‍കി വിപണനം ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനിച്ചു.  

    ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സജീവ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ബിനു പുത്തേത്ത് മ്യാലില്‍, എം.എം.ബഷീര്‍, ജലജ മണിയപ്പന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ കെ.എസ്.രാധാകൃഷ്ണന്‍, സെക്രട്ടറി ബി.സമീന,  ടൂറിസം മേഖലയുമായി പ്രവര്‍ത്തിക്കുന്നവര്‍, ഹോം സ്റ്റേ, വില്ല, റിസോര്‍ട്ട്, കോണത്ത് പുഴയോട് ചേര്‍ന്നുള്ള ഭൂ ഉടമകള്‍, പുതിയതായി ടൂറിസം ആരംഭിക്കുവാന്‍ താല്പര്യമുള്ള സംരംഭകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

date