Skip to main content

ക്രൈംമാപ്പിംഗുമായി ജില്ലാ കുടുംബശ്രീ മിഷൻ പഞ്ചായത്തുതല ഭൂപടങ്ങൾ സൃഷ്ടിക്കും

 

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ തടഞ്ഞ് സ്ത്രീസൗഹൃദ പ്രാദേശിക ഇടങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന ക്രൈം മാപ്പിംഗ് പദ്ധതി ജില്ലയില്‍ ആരംഭിക്കുന്നു. കുടുംബശ്രീ മിഷൻ ജില്ലയിലെ 14 പഞ്ചായത്തുകളിലെ നാൽപ്പതിനായിരം  വരുന്ന അയൽക്കൂട്ടം (എൻ.എച്ച്.ജി) അംഗങ്ങൾക്ക് ക്രൈം സ്പോട്ടുകൾ കണ്ടെത്തുന്നതിനും അടയാളപ്പെടുത്തുന്നതിനുമുള്ള സമഗ്രമായ ക്രൈം മാപ്പിംഗ് ജില്ലയിൽ ഉടൻ ആരംഭിക്കും.

കുടുംബശ്രീ അംഗങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തങ്ങളുടെ ജീവിതത്തിൽ നേരിട്ട വിവിധ അതിക്രമങ്ങളെ കുറിച്ച് 14 കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സൊസൈറ്റികളിൽ (സി.ഡി.എസ്) നിന്നുള്ള അഭിപ്രായങ്ങൾ ശേഖരിക്കുന്നതിനുള്ള സർവേ ആദ്യം നടത്തും. പിന്നീട് പഞ്ചായത്തുകളിലെ എല്ലാ വാർഡുകളിലും അതിക്രമങ്ങൾ നടന്നിട്ടുള്ള പ്രശ്നബാധിത സ്ഥലങ്ങൾ  മാപ്പ് ചെയ്യും. അതത് വാർഡുകളിലെ സാമൂഹിക പ്രവർത്തകരുടേയും പുരുഷന്മാരുടേയും അഭിപ്രായങ്ങൾ പരിഗണിച്ച് സമാന്തരമായ മറ്റൊരു ഭൂപടവും നിർമ്മിക്കും. ഇത്തരത്തിൽ തയ്യാറാക്കുന്ന മാപ്പുകൾ സംയോജിപ്പിച്ച് പഞ്ചായത്ത് തല ക്രൈം സ്പോട്ടുകൾ ഉൾക്കൊള്ളുന്ന ഭൂപടം തയ്യാറാക്കും.

തുടർന്ന് വിവിധ വകുപ്പുകൾ, ഏജൻസികൾ, സംഘടനകൾ എന്നിവരുടെ പിന്തുണയോടുകൂടി  പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രതിരോധ മാർഗങ്ങൾ രൂപപ്പെടുത്തുമെന്ന് കുടുംബശ്രീ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ (ജെൻഡർ) ഷൈൻ ടി മണി പറഞ്ഞു.

ഇതിനു മുന്നോടിയായി മാർച്ചിൽ ഓരോ പഞ്ചായത്തിൽ നിന്നും രണ്ടു റിസോഴ്സ് പേഴ്സൺമാർക്ക് വീതം പരിശീലനം നൽകിയിരുന്നു. ഇവരായിരിക്കും  അയൽക്കൂട്ടം അംഗങ്ങൾക്ക് ക്രൈം മാപ്പിംഗ് പരിശീലനം നൽകുന്നതും പദ്ധതിയുടെ ഏകോപനം നടത്തുന്നതും. കൂടാതെ കുടുംബശ്രീ ജെൻഡർ റിസോഴ്സ് സെൻ്റർ കമ്മ്യൂണിറ്റി കൗൺസിലറും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

പ്രാദേശിക ഇടങ്ങളിൽ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരെ കണ്ടെത്തുക, കുറ്റകൃത്യങ്ങൾക്കെതിരെ അവബോധം സൃഷ്ടിക്കുക, അതിക്രമങ്ങള്‍ നേരിടുന്നവരെ സഹായിക്കുക എന്നിവയ്ക്കായി നടത്തുന്ന പഠനഗവേഷണ പ്രവര്‍ത്തനമാണ് ക്രൈം മാപ്പിംഗ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാൻ ലക്ഷ്യമിട്ട് കുറ്റകൃത്യങ്ങളുടെ മാതൃകകള്‍ മാപ്പ് ചെയ്യാനും വിശകലനം ചെയ്യാനും നിയമനിര്‍വഹണ ഏജന്‍സികളിലെ വിശകലന വിദഗ്ധര്‍ ഉപയോഗിക്കുന്ന രീതിയാണിത്.

date