പദ്ധതി നിര്‍വഹണം കാര്യക്ഷമമാക്കണം: - മന്ത്രി കെ.ടി ജലീല്‍
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പദ്ധതി നിര്‍വഹണം സംബന്ധിച്ച് വകുപ്പുമന്ത്രി ഡോ. കെ.ടി ജലീല്‍ നേരിട്ട് വിലയിരുത്തി. 21.74 ശതമാനം തുക ചെലവഴിച്ച മലപ്പുറം സംസ്ഥാനത്ത് പത്താം സ്ഥാനത്താണ്. ഇരുപത് ശതമാനം മാത്രം തുക ചെലവഴിച്ച വകുപ്പുകളുടെ പ്രവര്‍ത്തനമാണ് മന്ത്രി പ്രത്യേകം അവലോകനം ചെയ്തത്. മത്സ്യബന്ധനം, വ്യവസായം, കുടുംബശ്രീ, പട്ടികവര്‍ഗ വികസനം എന്നീ മേഖലകളാണ് പൂജ്യം ശതമാനത്തില്‍ നില്‍ക്കുന്നത്. 50 പഞ്ചായത്തുകളും ഇതേ അവസ്ഥയിലുണ്ട്. പദ്ധതി നിര്‍വഹണത്തില്‍ മികച്ച പഞ്ചായത്തുകളുടെ പ്രവര്‍ത്തനം മാതൃകയാക്കി ഡിസംബര്‍ 31 നകം മറ്റുള്ളവര്‍ മുന്നേറണമെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിട്ടി, ഭൂഗര്‍ഭജലവകുപ്പ് തുടങ്ങിയവയുടെ പ്രത്യേകം വിലയിരുത്തല്‍ വേണമെന്ന് മന്ത്രി കെ.ടി ജലീല്‍ നിര്‍ദേശിച്ചു. അറവുശാല, ഗ്യാസ് ക്രിമറ്റോറിയം, പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റ് എന്നിവ ഓരോ ബ്ലോക്ക് കേന്ദ്രത്തിലും ഒന്ന് എന്ന നിലയിലെങ്കിലും സജ്ജമാക്കണം. തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ മൃഗസംരക്ഷണവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. വന്ധീകരണ യൂനിറ്റുകള്‍ക്ക് മൃഗാശുപത്രികളില്‍ സ്ഥലപരിമിതി ഉണ്ടെങ്കില്‍ കൃഷിവകുപ്പിന് കീഴിലുള്ള ഫാമുകളില്‍ ഇതിനായി സൗകര്യമൊരുക്കാമെന്നും മന്ത്രി നിര്‍ദേശിച്ചു. തദ്ദേശഭരണസ്ഥാപനങ്ങളിലെ എഞ്ചിനീയര്‍മാര്‍ക്ക് വാഹനം അനുവദിക്കും. കരാറുകാരുടെ വാഹനത്തില്‍ എഞ്ചിനീയര്‍മാര്‍ പോകേണ്ട അവസ്ഥയുണ്ടാകരുതെന്നും മന്ത്രി പറഞ്ഞു.
മീസില്‍സ് - റുബല്ല പ്രതിരോധ കുത്തിവെപ്പ് ജില്ലയില്‍ 100 ശതമാനത്തിലെത്തിക്കാന്‍ പഞ്ചായത്തുകള്‍ കാര്യക്ഷമമായി ഇടപെടണം. പ്രതിരോധകുത്തിവെപ്പിനെതിരെ പ്രചാരണം നടത്തുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന അവലോകനയോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണിക്കൃഷ്ണന്‍, ജില്ലാ കളക്ടര്‍ അമിത് മീണ്, റൂറല്‍ ഡവലപ്പ്‌മെന്റ് കമ്മീഷണര്‍ കെ. രാമചന്ദ്രന്‍, ഡി.പി.സി അംഗങ്ങള്‍, പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എന്‍.കെ ശ്രീലത തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക്, മുനിസിപ്പാലിറ്റി എന്നിവയുടെ അവലോകനം നവംബര്‍ 13 മുതല്‍ 21 വരെ നടത്തും.
- Log in to post comments