Skip to main content
മാതമംഗലം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷൻ കെട്ടിടം ഉദ്ഘാടനം

മാതമംഗലം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷൻ കെട്ടിടം നാടിന് സമർപ്പിച്ചു

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മുൻഗണന നൽകിയാണ് പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കിയതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. മാതമംഗലം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജുക്കേഷൻ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാരായ കുട്ടികൾ  സമൂഹത്തിൽ ഏറെ പരിഗണനയും പരിചരണവും അർഹിക്കുന്നുണ്ട്. ഇത്തരത്തിലുള്ള 20 ഓളം വിഭാഗങ്ങളിൽപ്പെട്ട വിദ്യാർഥികൾ നമുക്കിടയിലുണ്ട്. അവർക്ക് അർഹമായ പ്രാധാന്യം നൽകിയാണ് പാഠ്യപദ്ധതി തയ്യാറാക്കിയത്. പരിസ്ഥിതി സംരക്ഷണം, കൃഷി, നവോത്ഥാനം തുടങ്ങിയ മേഖലകൾക്കും സ്ത്രീധനം പോലുള്ള അനാചാരങ്ങൾ തടയാനുമാണ് പ്രാധാന്യം നൽകിയിട്ടുള്ളത്. ജനകീയ വിദ്യാഭ്യാസ നയമാണ് കേരളത്തിന്റേതെന്നും മന്ത്രി പറഞ്ഞു. മാതമംഗലം ജി ഐ ടി ഇ കെട്ടിടത്തോടനുബന്ധിച്ചുള്ള അഞ്ച് ഏക്കർ പൊതുവിദ്യാഭ്യാസ മേഖലക്കായി പ്രയോജനപ്പെടുത്തുമെന്നും ഹോസ്റ്റൽ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം അറിയിച്ചു. 

1987 മുതൽ മാതമംഗലം സി പി എൻ എസ് ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടത്തിലാണ് ടി ടി ഐ പ്രവർത്തിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് 1.18 കോടി രൂപ ചെലവിലാണ് മാതമംഗലം വ്യവസായ എസ്റ്റേറ്റിന് സമീപം പുതിയ കെട്ടിടം നിർമിച്ചത്. മികച്ച നിലവാരത്തിലുള്ള പ്രിൻസിപ്പൽ റൂം, ടീച്ചേർസ് റൂം, ക്ലാസ് മുറികൾ, ലൈബ്രറി, ലാബ്, വിശ്രമമുറി എന്നിവ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.ടി ഐ മധുസൂദനൻ എം എൽ എ അധ്യക്ഷത വഹിച്ചു. എരമം-കുറ്റൂർ പഞ്ചായത്ത് അസി.എഞ്ചിനീയർ എം വി ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി വി വത്സല, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ കെ കെ രത്നകുമാരി, എരമം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ടി തമ്പാൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.കെ പി രമേശൻ, ജില്ലാപഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ്ബാബു, വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ്, തളിപ്പറമ്പ് ഡി ഇ ഒ ഇൻ ചാർജ് കെ വി ആശാലത, ഡയറ്റ് പ്രതിനിധി അനുപമ ബാലകൃഷ്ണൻ, പയ്യന്നൂർ എ ഇ ഒ കെ വി പ്രകാശൻ, ജി ഐ ടി ഇ ഹെഡ്മാസ്റ്റർ എ വി രഞ്ജിത്ത് കുമാർ, വികസന സമിതി ചെയർമാൻ എം പി ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.

date