Skip to main content

പ്രഥമ നൈപുണ്യമേള സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ

 

പുതുതലമുറ കോഴ്സുകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്താൻ നടത്തുന്ന അസാപ് കേരളയുടെ നൈപുണ്യ മേളയുടെയും മികച്ച തൊഴിൽ നേടാൻ പ്രാപ്തമാക്കുന്ന കെ സ്കിൽ ക്യാമ്പയിനിന്റെയും സംസ്ഥാനതല ഉദ്ഘാടനം ജൂലൈ 30ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. 
വിവിധ തൊഴിൽ മേഖലകൾ, അതുമായി ബന്ധപ്പെട്ട കോഴ്സുകൾ, കോഴ്സിന്റെ പ്രത്യേകതകൾ, തൊഴിൽ സാധ്യതകൾ, സർട്ടിഫിക്കേഷൻ, പരിശീലനം നൽകുന്ന വ്യവസായ സ്ഥാപനങ്ങളുടെ വിവരങ്ങൾ  എന്നിവ മേളയിലൂടെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടാം. എൻ. സി. വി. ടി. അംഗീകാരം നേടിയ 103 ഓളം കോഴ്സുകളാണ് അസാപ് നൈപുണ്യ മേളയിൽ പരിചയപ്പെടുത്തുന്നത്. 

ഐ. ടി, മീഡിയ, ബാങ്കിംഗ് ആൻഡ് ഫിനാൻസ്, ഇലക്ട്രോണിക് ആൻഡ് ഇലക്ട്രിക് വെഹിക്കിൾ, മാനേജ്മെന്റ് തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധർ നയിക്കുന്ന സ്‌കിൽ ടോക്, തൊഴിൽ ദാതാക്കൾക്കുള്ള  പ്ലേസ്മെന്റ് ഗ്രൂമിങ്ങ് എന്നിവയും മേളയുടെ ഭാഗമായി നടക്കും.

വിദ്യാർത്ഥികൾക്ക് അവരുടെ ഇഷ്ട കോഴ്സുകൾ തിരഞ്ഞെടുക്കാനും കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാനും സൗകര്യമുണ്ടാകും. ഇതോടൊപ്പം പരിശീലന പങ്കാളികളെ ഉൾപ്പെടുത്തി പതിനഞ്ചോളം തൊഴിൽ മേഖലകളെക്കുറിച്ചുള്ള സ്റ്റാളുകളും മേളയുടെ ഭാഗമായി ഒരുക്കുന്നുണ്ട്.

കൂടുതൽ യുവജനങ്ങളെ നൈപുണ്യ പരിശീലനത്തിലേയ്ക്ക്‌ ആകർഷിച്ച് വൈജ്ഞാനിക സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യം മേളയിലൂടെ സാധ്യമാകുമെന്ന് മന്ത്രി  അഭിപ്രായപ്പെട്ടു. വിദ്യാർത്ഥികളെ കേവലം തൊഴിൽ അന്വേഷകരായിട്ടല്ല, തൊഴിൽ സൃഷ്ടാക്കളായി മാറ്റുകയാണ് മേളയുടെയും കെ സ്കിൽ ക്യാമ്പയിനിന്റെയും ലക്ഷ്യമെന്നും  മന്ത്രി കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട പി ഡബ്ബ്യുഡി റസ്റ്റ് ഹൗസിൽ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന 
വാർത്താസമ്മേളനത്തിൽ  അസാപ്‌ സംസ്ഥാന കോർഡിനേറ്റർ ഫ്രാൻസിസ് ടി. വി, ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഫാ.ജോയ് പീനിക്കപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.

date