Skip to main content

കരിമ്പുഴ വന്യജീവി സങ്കേതം: എം.എൽ.എയുടെ നേതൃത്വത്തിൽ ബഫര്‍സോണ്‍ കരട് രൂപരേഖയിൽ ചര്‍ച്ച

 

 

കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ബഫര്‍ സോണ്‍ കരട് രൂപരേഖ തയ്യാറാക്കുന്നത് സംബന്ധിച്ച് പി.വി അൻവർ എം.എൽ.എയുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു. ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ ബഫര്‍ സോണ്‍ വേണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണിത്. ഇത് പ്രകാരം കരിമ്പുഴ വന്യജീവി സങ്കേതത്തിന്റെ ചുറ്റും ഒരു കിലോമീറ്റര്‍ ദൂരപരിധിയില്‍ ബഫര്‍സോണിന് രൂപരേഖ തയ്യാറാക്കി നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ. പി. പ്രവീണ്‍ യോഗത്തിൽ അവതരിപ്പിച്ചു. 

 

പൂക്കോട്ടുംപാടം ടി.കെ കോളനി ഭാഗത്ത് 35 ഹെക്ടര്‍ സ്ഥലവും അടുത്ത് മറ്റൊരു 55 ഹെക്ടര്‍ സ്ഥലവുമാണ് കരിമ്പുഴ വന്യജീവി സങ്കേത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജനവാസ കേന്ദ്രങ്ങള്‍. സര്‍ക്കാർ നിര്‍ദ്ദേശമനുസരിച്ച് ഈ രണ്ടു കേന്ദ്രങ്ങളും ബഫര്‍സോണില്‍ നിന്ന് ഒഴിവാക്കിയതായി ഡി.എഫ്.ഒ പറഞ്ഞു. വഴിക്കടവ് പഞ്ചായത്തിലെ ഉള്‍വനത്തിലുള്ള പുഞ്ചക്കൊല്ലി ആദിവാസി കോളനി ബഫര്‍സോണിൽ ഉള്‍പ്പെടുമെങ്കിലും നിലവില്‍ വനത്തിനുള്ളിലുള്ള കോളനി എന്ന നിലയില്‍ വനം നിയമങ്ങള്‍ പാലിച്ചാണ് അവിടെയുളളവര്‍ ജീവിക്കുന്നതെന്ന് ഡി.എഫ്.ഒ പറഞ്ഞു. ആകെ 227 ചതുരശ്ര കിലോമീറ്ററാണ് കരിമ്പുഴ വന്യജീവി സങ്കേതമുള്ളത്.

 

ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ ഇസ്മായില്‍ മൂത്തേടം, കരുളായി പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍, ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ഷൗക്കത്തലി, എ.ടി. റെജി, വഴിക്കടവ് വനം റെയ്ഞ്ച് ഓഫീസര്‍ ബോബി കുമാര്‍, കരുളായി റെയ്ഞ്ച് ഓഫീസര്‍ നജ്മല്‍ അമീന്‍, കാളികാവ് വനം റെയ്ഞ്ച് ഓഫീസര്‍ പി. വിനു, കരുവാരകുണ്ട് ഡെപ്യുട്ടി റെയ്ഞ്ച് ഓഫീസര്‍ പി. രാമദാസന്‍, എസ്.എഫ്.ഒ. മാരായ സി. വിജയന്‍, ലാല്‍ വി.നാഥ് തുടങ്ങിയവര്‍ സംസാരിച്ചു.

 

date