Skip to main content
ശ്രീകണ്ഠപുരം നെടുങ്ങോം എച്ച് എച്ച് എസ് സ്‌കൂൾ കെട്ടിടോദ്ഘാടനം

നെടുങ്ങോം ജിഎച്ച്എസ്എസിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു 

കേരളത്തിലെ സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി രാജ്യത്തിനാകമാനം മാതൃകയാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻ കുട്ടി. ശ്രീകണ്ഠപുരം നെടുങ്ങോം എച്ച് എച്ച് എസ് സ്‌കൂൾ കെട്ടിടോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

പൊതുവിദ്യാഭ്യാസ മേഖലയിൽ രാജ്യത്ത് തന്നെ ഒന്നാം സ്ഥാനത്താണ് കേരളം. കുഞ്ഞുങ്ങളോടുള്ള കരുതലാണ്  പൊതുവിദ്യാഭ്യാസ മേഖലയുടെ പ്രത്യേകത. അതിൽ ഏറ്റവും മികച്ച മാതൃകയാണ് ഉച്ചഭക്ഷണ പദ്ധതി. കുട്ടികൾ ഒരു സ്ഥലത്ത് ഒരുമിച്ചിരുന്ന് ഒരേ തരത്തിലുള്ള ഭക്ഷണം കഴിക്കുമ്പോൾ, അത് അവർക്കിടയിൽ ആത്മാർഥവും ആരോഗ്യപരവുമായ സൗഹൃദങ്ങൾ ഉടലെടുക്കുവാൻ ഇടയാക്കുന്നു. അവർ തമ്മിലുള്ള വൈകാരിക ഐക്യം ഊട്ടിയുറപ്പിക്കപ്പെടുന്നു. എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് പ്രാദേശിക സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പോഷകസമ്പുഷ്ടവും ഗുണമേന്മയുള്ളതുമായ ഉച്ചഭക്ഷണം ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രതിജ്ഞാബദ്ധമാണ്. അതുപോലെ തന്നെയാണ് സൗജന്യ കൈത്തറി യൂണിഫോമിന്റെയും സൗജന്യ പാഠപുസ്തകത്തിന്റെയും വിതരണം. സൗജന്യ പാഠപുസ്തകത്തിന്റെ പ്രയോജനം 26 ലക്ഷം കുട്ടികൾക്കാണ് ലഭിച്ചത്. സൗജന്യ യൂണിഫോം പദ്ധതിയുടെ പ്രയോജനം ഒമ്പതു ലക്ഷം കുട്ടികൾക്കും ലഭിച്ചു. പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് സമൂഹത്തിന്റെയാകെ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു.

അഡ്വ. സജീവ് ജോസഫ് എംഎൽഎ അധ്യക്ഷനായി. നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ത്രേസ്യാമ്മ മാത്യു,  നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി പി ചന്ദ്രാംഗദൻ മാസ്റ്റർ, വാർഡ് കൗൺസിലർ വി സി രവീന്ദ്രൻ, കണ്ണൂർ ആർ ഡി ഡി പി വി പ്രസീത, കണ്ണൂർ ജില്ലാ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ  പി വി പ്രദീപൻ, തളിപ്പറമ്പ് ഡി ഇ ഒ ഇൻ ചാർജ് കെ വി ആശാലത, ഇരിക്കൂർ എഇഒ പി കെ ഗിരീഷ് മോഹൻ, ഇരിക്കൂർ ബിപിസി ടി വി ഒ സുനിൽ കുമാർ, ഹെഡ്മിസ്ട്രസ് ഇ  സനിത,  പിടിഎ പ്രസിഡന്റ് കെ ഭാസ്‌കരൻ, എസ്എംസി  ചെയർമാൻ പി പ്രകാശൻ, മദർ പിടിഎ പ്രസിഡണ്ട് സാവിത്രി രാജൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date