Skip to main content
 നാലമ്പല ദർശനം സർവ്വീസ് സംസ്ഥാന തല ഉദ്ഘാടനം

കെ.എസ്.ആർ.ടി.സി നാലമ്പല ദർശന സർവ്വീസ് ബസ് ഫ്ലാഗ് ഓഫ് മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു

 

കെ.എസ്.ആർ.ടി.സിയുടെ നാലമ്പല ദർശന ബസ് സർവ്വീസിന്റെ സംസ്ഥാന തല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിച്ചു. കെ.എസ്.ആർ. ടി.സിയെ ലാഭത്തിലാക്കാൻ ജനങ്ങളുടെ കൂട്ടായ സഹകരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. 
കെ.എസ്.ആർ. ടി.സി സ്റ്റേഷനുകളെ കൂടുതൽ സൗകര്യങ്ങളോടെ വിപുലീകരിക്കാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം സെല്ലിൽ ( BTC ) ഉൾപ്പെടുത്തിയാണ് എല്ലാ ജില്ലാ കേന്ദ്രങ്ങളിൽ നിന്നും സർവ്വീസ് ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനതലത്തിൽ നാലമ്പല ദർശനത്തിന് വേണ്ടി 12 ബസുകളാണ് സർവ്വീസ് നടത്തുന്നത്. ആദ്യ ദിനങ്ങളിലെ ബുക്കിംഗ് പൂർത്തിയായതായി  കെ.എസ്.ആർ.ടി.സി അറിയിച്ചു. നിലവിൽ നാലമ്പല ദർശന സമയമായ ഓഗസ്റ്റ് 16 വരെ ബുക്കിംഗ് ഉണ്ടായിരിക്കും. 
കൂടൽമാണിക്യം ക്ഷേത്രത്തിന്റെ മുൻ വശത്ത് നടന്ന ഫ്ലാഗ് ഓഫ് ചടങ്ങിൽ കെ.എസ്.ആർ.ടി.സി സെൻട്രൽ സോൺ - സോണൽ ഓഫീസർ കെ.ടി. സെബി അധ്യക്ഷത വഹിച്ചു. കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ മുഖ്യാതിഥിയായി. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ സന്തോഷ്. ടി.കെ സ്വാഗതവും കൂടൽമാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.ജെ. ഷിജിത്ത് നന്ദിയും പറഞ്ഞു.

date