Skip to main content
പേരാവൂർ ഗവ. ഐ ടി ഐയുടെ പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

പേരാവൂർ ഗവ. ഐ ടി ഐ കെട്ടിടം പൊതുവിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു

പേരാവൂർ ഗവ. ഐ ടി ഐയുടെ പുതിയ കെട്ടിടം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പിഞ്ഞാണപാറയിൽ നിലവിലെ ഐ ടിഐ കെട്ടിടത്തോട് ചേർന്നാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. മൂന്നര കോടി രൂപയാണ് നിർമ്മാണ ചെലവ്. സർക്കാരിന്റെ രണ്ടാംഘട്ട നൂറുദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഉദ്ഘാടനം. അണ്ടർഗ്രൗണ്ട് പാർക്കിംഗ് സൗകര്യത്തോടെയുള്ള കെട്ടിടത്തിൽ ക്ലാസ് മുറികൾ, വർക്ക്ഷോപ്പ്, പ്രാക്ടിക്കൽ ഹാൾ, ഓട്ടോകാഡ് ലാബ്, ഐ ടി സെൽ ലാബ് തുടങ്ങിയവയാണുള്ളത്. ഡ്രാഫ്റ്റ്സ്മാൻ സിവിൽ, മെക്കാനിക് മോട്ടോർ വെഹിക്കിൾ എന്നിങ്ങനെ രണ്ട് ട്രേഡുകളാണ് ഇവിടെ നിലവിലുള്ളത്. വെൽഡർ, പ്ലംബർ, സോളാർ ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ) എന്നീ പുതിയ ട്രേഡുകൾ അനുവദിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.ചടങ്ങിൽ അഡ്വ. സണ്ണി ജോസഫ് എം എൽ എ അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയർ കെ ജിഷ കുമാരി റിപ്പോർട്ട് അവതരിപ്പിച്ചു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ, മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു, വൈസ് പ്രസിഡണ്ട് സി കെ ചന്ദ്രൻ, അംഗം കെ വി റഷീദ്, വ്യാവസായിക പരിശീലന വകുപ്പ് അഡീഷണൽ ഡയറക്ടർ കെ പി ശിവശങ്കരൻ, റീജ്യണൽ ജോയിന്റ് ഡയറക്ടർ സി രവികുമാർ, ഐ ടി ഐ പ്രിൻസിപ്പൽ സനിൽകുമാർ പൊലപ്പാടി, വിവിധ രാഷ്ട്രീയ, സാമൂഹിക പ്രതിനിധികൾ, ഐ ടി ഐ പ്രിൻസിപ്പൽമാർ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

date