Skip to main content

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍: ജില്ലയില്‍ 4261 സംരംഭങ്ങള്‍ ആരംഭിച്ചു

 

* ലക്ഷ്യം 14,610 സംരംഭങ്ങള്‍ 

വ്യവസായ മേഖലയില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വ്യവസായവകുപ്പ് നടപ്പിലാക്കുന്ന 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍' പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ 4261 സംരംഭങ്ങള്‍ ആരംഭിച്ചു. ഏപ്രില്‍ മാസമാണ് പദ്ധതി ആരംഭിച്ചത്. ഒരു വര്‍ഷക്കാലയളവില്‍ ഒരു ലക്ഷം സംരംഭങ്ങള്‍ സംസ്ഥാനത്തൊട്ടാകെ ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി 14,610 സംരംഭങ്ങള്‍ ജില്ലയില്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ ലക്ഷ്യമിടുന്നത് 49000 തൊഴിലവസരങ്ങളാണ്.

ജില്ലയില്‍ ആരംഭിച്ച സംരംഭങ്ങള്‍ വഴി 352.76 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 9972 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ജില്ലയില്‍ നഗര മേഖലകളില്‍ ഏറ്റവും കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിച്ചിരിക്കുന്നത് കൊച്ചി കോര്‍പ്പറേഷനിലാണ്. ഗ്രാമീണമേഖലയില്‍ ആലങ്ങാട് ഗ്രാമപഞ്ചായത്തിലാണ് പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതല്‍ സംരംഭകര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ജില്ലാ, താലൂക്ക് വ്യവസായ കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.  സാമ്പത്തിക വര്‍ഷം ജില്ലയില്‍ പദ്ധതിയിലൂടെ വ്യവസായ മേഖല മികച്ച  മുന്നേറ്റത്തിനാണ് ഒരുങ്ങുന്നത്. 

തദ്ദേശ സ്വയംഭരണ സ്ഥാപനതലങ്ങളില്‍ സംരംഭകര്‍ക്ക് സേവന സഹായങ്ങള്‍ ഉറപ്പുവരുത്താന്‍ വ്യവസായ വകുപ്പ് ഇന്റേണുകളെ നിയമിച്ചിട്ടുണ്ട്.
സംരംഭം തുടങ്ങുന്നതിനാവശ്യമായ ലൈസന്‍സ്, അനുമതി എന്നിവ നേടുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍, സംരംഭകര്‍ വായ്പയ്ക്കായി ബാങ്കില്‍ നല്‍കിയിട്ടുള്ള അപേക്ഷകളുടെ തുടര്‍ നടപടികള്‍ വിലയിരുത്തി വായ്പ സമയബന്ധിതമായി ലഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങിയ  സേവനങ്ങള്‍ ഇവര്‍ ഉറപ്പാക്കും. ലൈസന്‍സിന് അപേക്ഷിച്ചവരുടെ വിവരം ശേഖരിച്ച് ഇവര്‍ക്ക് ആവശ്യമായ സഹായങ്ങളും സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പിന്തുണയും ഉറപ്പാക്കും

date