Skip to main content

അടുപ്പില്‍ കോളനി നിവാസികളുടെ പുനരധിവാസം: രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു

ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ  അടുപ്പില്‍ കോളനി നിവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകുന്നു. ജൂലൈ 16 ന് ആരംഭിച്ച രജിസ്ട്രേഷന്‍ നടപടികള്‍ ആഗസ്റ്റ്  6 ന് പൂര്‍ത്തിയാകും.ആഗസ്റ്റ് ഒന്നിനകം 50 പേരുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ബാക്കിയുള്ള 15 പേരുടെ രജിസ്ട്രേഷന്‍ ആഗസ്റ്റ് ആറോടെ പൂര്‍ത്തിയാകും.

കോളനിയില്‍ താമസിക്കുന്ന 65 കുടുംബങ്ങളെയാണ് പുനരധിവാസ പദ്ധതിയിലൂടെ മാറ്റിപ്പാര്‍പ്പിക്കുന്നത്. റീ-ബില്‍ഡ് പദ്ധതി പ്രകാരമാണ് പുനരധിവാസം. ഓരോ കുടുംബത്തിനും വീടാണ് നിര്‍മിച്ചു നല്‍കുക.
ഭൂമി വാങ്ങാന്‍ ഒരു കുടുംബത്തിന് ആറ് ലക്ഷം രൂപയും വീട് വെക്കാന്‍ നാല് ലക്ഷം രൂപയും നല്‍കും. മൂന്നര കോടി രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഇതിന് പുറമെ പട്ടിക ജാതി വികസന വകുപ്പില്‍ നിന്ന് രണ്ട് ലക്ഷം രൂപ ഭവന നിര്‍മ്മാണത്തിന് ലഭിക്കും. ഭവന നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോളനി സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയാണ് പുതിയ സ്ഥലം .കുട്ടികള്‍ക്ക് കളിക്കാന്‍  മൈതാനം, പ്രാഥമിക ആരോഗ്യ കേന്ദ്രം, കുടിവെള്ള പദ്ധതി തുടങ്ങിയ സൗകര്യങ്ങളെല്ലാം പുനരധിവാസത്തിന്റെ ഭാഗമായി ഒരുക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്‌സ് സൊസൈറ്റിക്കാണ് നിര്‍മ്മാണച്ചുമതല.

കഴിഞ്ഞ വര്‍ഷങ്ങളിലുണ്ടായ ഉരുള്‍ പൊട്ടലില്‍ നിരവധി വീടുകള്‍ തകര്‍ന്നതുള്‍പ്പെടെ വ്യാപകമായ നാശനഷ്ടങ്ങള്‍ ഇവിടെ സംഭവിച്ചിരുന്നു. ഇതിനുള്ള ശാശ്വത പരിഹാരമെന്ന നിലയിലാണ്  കുടുംബങ്ങളെ സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി മാറ്റി താമസിപ്പിക്കുവാന്‍ പദ്ധതി തയ്യാറാക്കിയത്.

date