Skip to main content

പി എം കുസൂം പദ്ധതി : ജില്ലയില്‍ യോഗം ചേര്‍ന്നു

 

തൃശൂര്‍ - പൊന്നാനി കോള്‍ നിലങ്ങളില്‍ ഉപയോഗിച്ചു വരുന്ന പമ്പുകള്‍ പി എം കുസൂം പദ്ധതിയില്‍ ഉള്‍പ്പെടുത്തി സൗരോര്‍ജ്ജത്തിലേയ്ക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് ജില്ലയില്‍ യോഗം ചേര്‍ന്നു. പിഎം കുസൂം പദ്ധതി പ്രകാരം കോള്‍ പാടശേഖരങ്ങളില്‍ 100 പമ്പ് സെറ്റുകളാണ് സോളാര്‍ പാനലിലേയ്ക്ക് മാറ്റുന്നത്. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കഴിഞ്ഞ ദിവസം മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ പദ്ധതി നടത്തിപ്പിനുള്ള മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്തു. പദ്ധതി നടപ്പിലാക്കാന്‍ പൂര്‍ണ സമ്മതമാണെന്നും അതിനായി കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് ഫീല്‍ഡ് ലെവല്‍ പഠനം നടത്തുമെന്നും യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചു.

ജില്ലയില്‍ 34 കൃഷിഭവനുകളിലും 214 പാടശേഖര സമിതികളിലുമായി 27000 കര്‍ഷകരുമുണ്ട്. കോള്‍ പാടങ്ങളിലെ സൗരോര്‍ജ്ജവല്‍ക്കരണത്തിന് സംസ്ഥാന വിഹിതവും കര്‍ഷക വിഹിതവും ചേര്‍ന്ന തുക ദേശീയ കാര്‍ഷിക വികസന ബാങ്കിന്റെ (നബാര്‍ഡ്) ഗ്രാമീണ പശ്ചാത്തല വികസന ഫണ്ടില്‍ നിന്നും(ആര്‍ഐഡിഎഫ്) നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്. സുലഭമായി സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പാദനം, കെഎസ്ഇബി വൈദ്യുതി ലാഭിക്കല്‍, പരിസ്ഥിതി സൗഹാര്‍ദ്ദം, തുച്ഛമായ പരിപാലന ചെലവ് എന്നിവയാണ് പിഎം കുസൂം പദ്ധതി നേട്ടങ്ങള്‍. ജില്ലയിലെ പാടശേഖര സമിതികളില്‍ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പഠനം നടത്താനും അത് സംസ്ഥാന തലത്തില്‍ സമര്‍പ്പിക്കാനും യോഗത്തില്‍ തീരുമാനമായി. 

കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂമന്ത്രി കെ രാജന്‍, കൃഷിമന്ത്രി പി പ്രസാദ്, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, പട്ടികജാതി പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ മന്ത്രി കെ രാധാകൃഷ്ണന്‍, ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, എംഎല്‍എമാരായ എ സി മൊയ്തീന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, മുരളി പെരുനെല്ലി, സനീഷ്‌കുമാര്‍ ജോസഫ്, ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, അനെര്‍ട്ട് സി ഇ ഒ നരേന്ദ്രനാഥ് വെലുരി, അനെര്‍ട്ട്, കെ എസ് ഇ ബി, കൃഷി വകുപ്പ്, ജലസേചന വകുപ്പ്, തൃശൂര്‍-പൊന്നാനി കോള്‍ വികസന അതോറിറ്റി, തൃശൂര്‍ വികസന അതോറിറ്റി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

date