Skip to main content
സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം

ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ: വടക്കാഞ്ചേരിയിൽ അവലോകന യോഗം  

 

വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ  ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യാൻ സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.   എല്ലാ വില്ലേജുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കാൻ കഴിയുന്ന പ്രദേശങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. മുന്നൊരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്. മുമ്പ് പ്രളയദുരിതമുണ്ടായ പ്രദേശങ്ങൾ, വെള്ളം കയറിയ പ്രദേശങ്ങൾ എന്നിവ ലിസ്റ്റ് ചെയ്തു. 

താലൂക്ക് ഓഫീസുകളും തദ്ദേശ  സ്ഥാപനങ്ങളിലും ഹെൽപ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ അടിയന്തര യോഗങ്ങൾ 6 സ്ഥാപനങ്ങളിൽ ചേർന്നിട്ടുണ്ട്. അടുത്ത ദിവസം പൂർത്തിയാകും. യോഗത്തിൽ നിശ്ചയിച്ച തീരുമാനങ്ങളുടെ കോഡിനേഷൻ മണ്ഡലം തലത്തിൽ നടത്തുമെന്ന് എം എൽ എ പറഞ്ഞു. മണ്ഡലം തല നോഡൽ ഓഫീസറായി വടക്കാഞ്ചേരി ബി ഡി ഓ -യുടെ ചുമതല നിർവ്വഹിക്കുന്ന ജോയിൻ്റ് ബി ഡി ഓ യെ നിശ്ചയിച്ചു. അപകടമരായ രീതിയിൽ നിലകൊള്ളുന്ന മരങ്ങൾ, ചില്ലകൾ കണ്ടെത്തി അവ വെട്ടുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണം. വാർഡ് തലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനിച്ചു.

എല്ലാ വകുപ്പിൻ്റെയും സ്റ്റേഷനുകളിൽ ഉദ്യോഗസ്ഥർ നിർബന്ധമായും ഉണ്ടാകണമെന്ന് എം എൽ എ നിർദ്ദേശിച്ചു. വീട് പൂർണമായും നശിച്ചാൽ 10 ലക്ഷം രൂപ എസ് ഡി ആർ എഫ് മുഖേന നൽകി വരുന്നുണ്ട്. വടക്കാഞ്ചേരി നഗരസഭയിൽ ഇരട്ടക്കുളങ്ങര - നെല്ലിക്കുന്ന് പ്രദേശത്തായി 3 കുടുംബങ്ങൾക്ക് തുക ലഭിച്ചിട്ടുണ്ട്.

വാഴാനി ഡാമിൽ 55 ശതമാനം  വെള്ളം നിറഞ്ഞിട്ടുണ്ട്. ഡാമിൽ 24 മണിക്കൂർ ഡ്യൂട്ടി ഉണ്ടാകണമെന്ന് എം എൽ എ  നിർദ്ദേശം നൽകി. പൂമല ഡാമിൽ അറിയിപ്പുണ്ടാകുന്നതുവരെ സന്ദർശകരെ  അനുവദിക്കില്ല.

പൊതുമരാമത്ത് നിരത്തുകളിൽ മരങ്ങൾ മുറിക്കേണ്ടത് മാർക്ക് ചെയ്യണം, കാനകൾ അടിയന്തരമായി വൃത്തിയാക്കണം, നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ അപകട സാധ്യതാ മുന്നറിയിപ്പ് ബോർഡുകൾ നിർബന്ധമായും സ്ഥാപിക്കുകയും അവ നിലനിൽക്കുന്നുവെന്ന് തുടർച്ചയായ ഇടവേളകളിൽ ഉറപ്പുവരുത്തുകയും വേണമെന്ന് യോഗം നിർദ്ദേശിച്ചു.

സർക്കാർ കെട്ടിടങ്ങൾ / സ്കൂൾ കെട്ടിടങ്ങൾ സന്ദർശിച്ച് അപകട ഭീഷണി ഇല്ലെന്ന് ഉറപ്പു വരുത്തണം. അടിയന്തര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് വിളിക്കാവുന്ന കെഎസ്ഇബിയുടെ 1912 നമ്പർ പ്രചരിപ്പിക്കണം.  കേരള വാട്ടർ അതോറിറ്റി നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള അറിയിപ്പ് ബോർഡുകൾ ഉറപ്പു വരുത്തണമെന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുന്ന സാഹചര്യത്തിൽ ക്യാമ്പുകളിലേക്ക് വെള്ളം എത്തിക്കുന്നതിനായി പോർട്ടബിൾ വാട്ടർ സ്റ്റോക്കുണ്ടെന്നും യോഗം വിശദീകരിച്ചു.

മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം ചേരും. മരുന്നുകൾ, രക്തം എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തണം. അവധിയിലുള്ള ആരോഗ്യപ്രവർത്തകരെ തിരിച്ച് വിളിക്കാനും യോഗത്തിൽ തീരുമാനമായി. 

വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി വി സുനിൽ കുമാർ, മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്ത് കെ ജെ ദേവസ്സി (ബൈജു), തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ജി പോൾസൺ, കൈപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ഉഷാദേവി, അടാട്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഉഷ ശ്രീനിവാസൻ, കോലഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം ഡി വികാസ് രാജ്, അവണൂർ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോംസൺ തലക്കോടൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സി വി സുനിൽ കുമാർ തലപ്പിളളി തഹസിൽദാർ എം കെ കിഷോർ, തൃശൂർ തഹസിൽദാർ ടി ജയശ്രീ തുടങ്ങിയവർ സംസാരിച്ചു.

date