Skip to main content

ഷട്ടര്‍ ഇല്ലാത്ത ഇടുക്കി ഡാം തുറക്കുമ്പോള്‍; മൂന്നാമത്തെ ഷട്ടര്‍ 70 സെ.മീ തുറന്നു

ഇടുക്കി ജില്ലയില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നും മുന്‍ കരുതല്‍ എടുക്കുന്നതിന്റെ ഭാഗമായും ഇന്ന് ഡാമിന്റെ ഒരു ഷട്ടര്‍ തുറക്കുന്നു.  ഇടുക്കി ഡാമിന്റെ ഷട്ടര്‍ തുറക്കുന്നു എന്നു പറയുമ്പോളും സത്യം മറ്റൊന്നാണ്. ഇടുക്കി ഡാമിനു ഷട്ടറുകളില്ല. ചെറുതോണി, കുളമാവ് അണക്കെട്ടുകള്‍ ഇടുക്കി ആര്‍ച്ചു ഡാം എന്നിവ ചേര്‍ന്നതാണ് ഇടുക്കി ജലവൈദ്യുത പദ്ധതി. ഇവിടെ വെള്ളം നിറയുമ്പോള്‍ ചെറുതോണി ഡാമിന്റെ ഷട്ടറുകളാണ് തുറക്കുന്നത്. ഭൂകമ്പത്തെ ചെറുക്കുന്നതിനായുള്ള പ്രത്യേക സാങ്കേതിക വിദ്യകള്‍, ഉപയോഗിച്ചാണ് പെരിയാറിനു കുറുകെ ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 

ജില്ലയിലെ മറ്റു ഡാമുകളെ പോലെയല്ല ഇടുക്കി ഡാം. ഓരോ തവണ തുറക്കുമ്പോഴും അത് ചരിത്രമാണ്.  വര്‍ഷങ്ങള്‍ കൂടുമ്പോഴാണ് ഡാം തുറക്കേണ്ട അവസ്ഥ ഉണ്ടാവാറുള്ളത്. എന്നാല്‍ കഴിഞ്ഞു കുറച്ചു വര്‍ഷങ്ങളായി ഡാം ചെറിയ കാലയളവില്‍ തുറന്നു. 
  1981 ല്‍ രണ്ട് വട്ടം ഡാം തുറന്നിരുന്നു. 32.88 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് അന്ന് ഒഴുക്കി വിട്ടത്. ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ 5 വരെ  23.42 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും, നവംബര്‍ 10  മുതല്‍ 14 വരെ  9.46 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നു വിട്ടത്. 11 വര്‍ഷങ്ങള്‍ക്ക് ശേഷം 1992 ലാണ്  പിന്നെ ഡാം തുറന്നത്. അന്ന്  78.57 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് തുറന്നു വിട്ടത്. ഒക്ടോബര്‍ 12 മുതല്‍ 16  വരെ  26.16 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും നവംബര്‍ 16 മുതല്‍ 23 വരെ  52.41 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നു വിട്ടത്. 

26 വര്‍ഷങ്ങള്‍ക്ക് ശേഷം 2018-ലെ പ്രളയത്തിനാണ് പിന്നീട് ഡാം തുറക്കുന്നത്. അതൊരു ചരിത്രമായിരുന്നു. റെക്കോര്‍ഡ് വെള്ളമാണ് അന്ന് ഡാമില്‍ നിന്ന് തുറന്നു വിട്ടത്.  1068.32 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലമാണ് അന്ന് തുറന്നത്. ഓഗസ്റ്റ് 10 മുതല്‍ സെപ്റ്റംബര്‍ 8 വരെ  1063.23 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും ഒക്ടോബര്‍ 7 മുതല്‍ 9 വരെ 5.09 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് തുറന്നത്. 2021 ല്‍ ഡാം തുറന്നത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. അടുപ്പിച്ചു 3 മാസത്തിനുള്ളില്‍ 4 തവണയാണ് അന്ന് ഡാം തുറന്നത്. ഒക്ടോബര്‍ 19 മുതല്‍ ഒക്ടോബര്‍ 27 വരെ  46.29 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും,  നവംബര്‍ 14 മുതല്‍  16 വരെ  8.62 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും നവംബര്‍ 18 മുതല്‍ 20 വരെ 11.19 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവും, ഡിസംബര്‍ 7 മുതല്‍ 9 വരെ  8.98 മില്യണ്‍ ക്യൂബിക് മീറ്റര്‍ ജലവുമാണ് അന്ന് തുറന്നു വിട്ടത്.
 
ഒരു വര്‍ഷത്തിന് ശേഷം ഇന്ന്  ( 7.8.22) 11 മത്തെ തവണയാണ് ഡാം തുറക്കുന്നത്. മൂന്നാമത്തെ ഷട്ടര്‍ 70 സെ.മീ. തുറന്ന് സെക്കന്റില്‍ 50 ഘനയടി  ജലമാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്, ജില്ലാ പോലീസ് മേധാവി കെ.വി.കുര്യാക്കോസ്, ഡാം സുരക്ഷാ വിഭാഗം അധികൃതരുടെ സാന്നിദ്ധ്യത്തില്‍ രാവിലെ 10 മണിക്ക് ഇത്തവണ തുറന്നു വിട്ടത്.

 

date