Skip to main content

ആരോഗ്യ കേന്ദ്രങ്ങളിൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണം : മന്ത്രി കെ.രാധാകൃഷ്ണൻ 

 

ഭൗതികസാഹചര്യം വർധിപ്പിക്കുന്നതിനൊപ്പം ആരോഗ്യ കേന്ദ്രങ്ങൾ നൽകുന്ന സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ കഴിയണമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ പുതിയ ബ്ലോക്കിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ചേലക്കര നിയോജകമണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ  ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ മികച്ച രീതിയിൽ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. പഴയന്നൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 1.76 കോടി രൂപ ചെലവഴിച്ച് ഐസൊലേഷൻ വാർഡ് നിർമിക്കുകയാണ്. ചെറുതുരുത്തി, വരവൂർ, ചേലക്കര തുടങ്ങി മണ്ഡലത്തിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളുടെയും അടിസ്ഥാനസൗകര്യം  മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. നഴ്സ്, ഡോക്ടർമാർ,  ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ നൽകുന്ന സേവനങ്ങൾ  മികച്ചതായെങ്കിൽ മാത്രമേ  ഭൗതിക സാഹചര്യം മെച്ചപ്പെടുന്നതിന്റെ ഗുണങ്ങൾ ജനങ്ങളിലേക്ക് എത്തുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ  എംഎൽഎ ആസ്തി വികസന പദ്ധതി 2022- 23 പ്രകാരം അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബ്ലോക്ക്‌ നിർമ്മിക്കുന്നത്. ആശുപത്രി വികസനത്തിനായി ഇതുകൂടാതെ 50 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ചടങ്ങിൽ കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രവർത്തനം നടത്തിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ആരോഗ്യപ്രവർത്തകരേയും ആദരിച്ചു.

 ദേശമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജയരാജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, വടക്കാഞ്ചേരി ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി ജി ദീപു പ്രസാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജുമൈലത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം പി മധു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പുഷ്പജ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി സംഗീത, മറ്റ് ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

date