Skip to main content
ജില്ലാ കളക്ടർ ഡോ. രേണുരാജിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യുഷ 2.0 ആലോചന യോഗം

പ്രത്യുഷ 2.0 പദ്ധതി: ആലോചന യോഗം ചേര്‍ന്നു

    ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ്, പ്രൈവറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കു  ദേശീയ മത്സര പരീക്ഷകളില്‍ പരിശീലനം നല്‍കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പ്രത്യുഷ 2.0 പദ്ധതിയുടെ ആലോചനായോഗം ജില്ലാ കളക്ടര്‍ ഡോ. രേണുരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. പെട്രോനെറ്റ് എല്‍.എന്‍.ജിയുടെ സാമ്പത്തിക സഹായത്തോടെ എന്‍സ്‌കൂള്‍ ലേണിംഗ് ആണ് പരിശീലന പരിപാടി നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പരിശീലനത്തോടൊപ്പം ഓഫ്‌ലൈന്‍ പരിശീലനവും പ്രത്യുഷ 2.0 യുടെ ഭാഗമായി നല്‍കും. 

    പ്രത്യുഷ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ എട്ടാം ക്ലാസ്  വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ മെറിറ്റ് കം മീന്‍സ് പരീക്ഷയില്‍(എന്‍.എം.എം.എസ്) പരിശീലനം നല്‍കിയിരുന്നു. 83 വിദ്യാര്‍ത്ഥികളാണ് പരീക്ഷയില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയത്. ഈ വിദ്യാര്‍ത്ഥികളില്‍ ഓരോരുത്തര്‍ക്കും 48,000 രൂപ സ്‌കോളര്‍ഷിപ് ആയി ലഭിക്കും. പ്രത്യുഷ പദ്ധതിയില്‍ ഉള്‍പ്പെട്ട 260 വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ യോഗ്യത നേടി.

    നാഷണല്‍ മെറിറ്റ് കം മീന്‍സ് പരീക്ഷയ്ക്ക് പുറമെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നാഷണല്‍ ടാലെന്റ് സെര്‍ച്ച് പരീക്ഷയ്ക്കും(എന്‍. ടി.എസ്.സി )ഈ അധ്യായന വര്‍ഷം പരിശീലനം നല്‍കും. പരീക്ഷയില്‍ വിജയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പി.എച്ച്.ഡി തലംവരെ സ്‌കോളര്‍ഷിപ് ലഭിക്കും.

    എന്‍.എം.എം.എസ് പരീക്ഷയില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഈ വര്‍ഷം പ്രീ -എന്‍.ടി.എസ്.സി പരിശീലനവും നല്‍കും.

    സെപ്റ്റംബര്‍ അവസാനത്തോട് കൂടി ജില്ലയിലെ സ്‌കൂളുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്ന തരത്തിലാണ് പദ്ധതി ആലോചിക്കുന്നത്. അതിനു മുന്നോടിയായി മെന്റര്‍മാരുടെയും നോഡല്‍ ഓഫീസര്‍മാരുടെയും യോഗം ചേരും.

    യോഗത്തില്‍ എന്‍സ്‌കൂള്‍ ലേണിംഗ് സി.ഇ.ഒ കെ.വി മുഹമ്മദ് യാസീന്‍, ഡയറക്ടര്‍ അഹമ്മദ് സാജു തുടങ്ങിയവര്‍  പങ്കെടുത്തു.

date