Skip to main content
ഞങ്ങളും കൃഷിയിലേക്ക്; കൗതുകമായി ചെണ്ടുമല്ലി പാടം

ഞങ്ങളും കൃഷിയിലേക്ക്; കൗതുകമായി ചെണ്ടുമല്ലി പാടം

    കരുമാലൂര്‍ പഞ്ചായത്തിന്റെ 10-ാം വാര്‍ഡില്‍ ചെണ്ടുമല്ലി പാടം പൂത്തു നില്‍ക്കുന്നത് ആരിലും കൗതുകം ഉളവാക്കും. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൂ കൃഷി വിളവെടുപ്പിന് പാകമായി. 

    അഞ്ച് വനിതകള്‍ ചേര്‍ന്നാണ് പദ്ധതിയുടെ ഭാഗമായി ആത്മയുടെ നേതൃത്വത്തില്‍ കൃഷി ആരംഭിച്ചത്. രണ്ടിടങ്ങളിലായി ആകെ രണ്ടേക്കര്‍ സ്ഥലത്താണ് കൃഷി. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു നിലം ഒരുക്കിയത്. 53 തൊഴിലാളികളാണു കൃഷിക്കായി പ്രയത്‌നിച്ചത്. കഴിഞ്ഞ മെയില്‍ നിലം ഒരുക്കി ജൂണിലാണു തൈകള്‍ നട്ടത്. വര്‍ഷങ്ങളായി തരിശു കിടന്ന ഭൂമിയിലാണു വിജയകരമായി കൃഷി ചെയ്തത്. പതിനായിരം തൈകളാണ് രണ്ടിടങ്ങളിലായി നട്ടത്. ഓറഞ്ചും മഞ്ഞയും നിറങ്ങളിലുള്ള പൂക്കളാണ് വിരിഞ്ഞു നില്‍ക്കുന്നത്.

    പതിവില്‍ നിന്നും വ്യത്യസ്തമായി ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കാതെ പൂക്കളമൊരുക്കാന്‍ സാധിക്കും. കൃഷി വകുപ്പ് ആത്മയുടെ നേതൃത്വത്തില്‍ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ കര്‍ഷകര്‍ക്കു പരിശീലനം നല്‍കിയിരുന്നു. പൂക്കളുടെ വിപണനം ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വഴി ആയിരിക്കും.

date