Skip to main content
കുടുംബശ്രീ വഴി നടപ്പാക്കുന്ന പ്രത്യേക ഉപജീവന പദ്ധതിയുടെ ഭാഗമായി പുത്തൻകുരിശ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം ആരംഭിക്കുന്ന സേവിക ഗാർമെന്റ്സ്

തയ്യല്‍-ടെക്സ്റ്റയില്‍സ് മേഖലയ്ക്ക്  കൈത്താങ്ങാകാന്‍ സേവിക ഗാര്‍മെന്റ്‌സ്

 

    
    ചെറുകിട തയ്യല്‍-ടെക്‌സ്‌റ്റൈല്‍ സംരംഭകര്‍ക്ക് കൈത്താങ്ങായി കുടുംബശ്രീയുടെ സേവിക ഗാര്‍മെന്റ്‌സ്.  കുടുംബശ്രീ വഴി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന സ്‌പെഷ്യല്‍ ലൈവ്‌ലി ഹുഡ് പാക്കേജിന്റെ ഭാഗമായാണ് പുത്തന്‍കുരിശ്  കെ.എസ്.ആര്‍.ടി.സി സ്റ്റാന്റിന് സമീപം സേവിക ഗാര്‍മെന്റ്‌സ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഗുണമേന്മയുള്ള തുണിത്തരങ്ങള്‍ വളരെ കുറഞ്ഞ നിരക്കില്‍ സേവികയില്‍ ലഭ്യമായതിനാല്‍ സംരംഭകര്‍ക്കു കൂടുതല്‍ വരുമാനം ലഭിക്കും. ഗാര്‍മെന്റ്‌സിന്റെ ഉദ്ഘാടനം ശനിയാഴ്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ നിര്‍വഹിക്കും. 

    ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ചെറുകിട വ്യവസായ മേഖലകളിലൊന്നാണ് തയ്യല്‍ - ടെക്‌സ്‌റ്റൈല്‍ മേഖല. സ്വയം തൊഴിലായും ചെറുകിട സ്ഥാപനങ്ങളായും നിരവധി പേര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. എറണാകുളം മാര്‍ക്കറ്റില്‍ നിന്നാണ് ഇവര്‍ തുണിത്തരങ്ങളില്‍ ഏറിയ പങ്കും വാങ്ങുന്നത്. കോയമ്പത്തൂര്‍, സൂററ്റ്, ഈറോഡ് തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട തുണി മാര്‍ക്കറ്റുകളില്‍ നിന്നാണ് ജില്ലയിലെ മാര്‍ക്കറ്റുകളിലേക്ക് ഇവ എത്തുന്നത്. ഇതിനുപകരം പ്രധാന മാര്‍ക്കറ്റുകളില്‍ നിന്ന് ഇടനിലക്കാരില്ലാതെ സ്വന്തം നിലയ്ക്ക് എത്തിച്ചാല്‍ സംരഭകര്‍ക്കു വളരെ കുറഞ്ഞ വിലയില്‍ ലഭ്യമാക്കാനാകുമെന്ന ചിന്തയാണു സേവിക ഗാര്‍മെന്റ്‌സിലേക്കെത്തി നില്‍ക്കുന്നത്. 50 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.

    വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്‍ട്രപ്രണര്‍ഷിപ്പ് പ്രോഗ്രാമില്‍ (എസ്.വി.ഇ.പി)  പ്രവര്‍ത്തിച്ചിരുന്ന എട്ട് മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റുമാര്‍ക്കാണ് നടത്തിപ്പ് ചുമതല. കുടുംബശ്രീ ജില്ല മിഷന്റെയും വടവുകോട് ബ്ലോക്ക് നോഡല്‍ സൊസൈറ്റി ഫോര്‍ എന്റര്‍പ്രൈസസ് പ്രമോഷന്റെയും മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനം. കുടുംബശ്രീയുടെ പ്രത്യേക ഉപജീവന പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന ആദ്യ സംരംഭം എന്ന പ്രത്യേകതയും സേവിക ഗാര്‍മെന്റ്‌സിനുണ്ട്.

    നേരത്തെ ബ്ലോക്കില്‍ നടത്തിയ പഠനത്തില്‍ എസ്.വി.ഇ.പി പദ്ധതിയുടെ ഭാഗമായി തയ്യല്‍ മേഖലയില്‍ മാത്രം 200ലധികം സംരംഭങ്ങളാണ്  ആരംഭിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഈ സംരംഭകര്‍ക്കും മൈക്രോ എന്റര്‍പ്രൈസസസ് കണ്‍സള്‍ട്ടന്റുമാര്‍ക്കും  തുടര്‍ന്നും പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരില്‍ നിന്ന് തന്നെ തിരഞ്ഞെടുത്തവര്‍ക്ക് നടത്തിപ്പ് ചുമതല നല്‍കിയത്.

date