Skip to main content
ആധാർ കാർഡ് വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ ഡോ. രേണു രാജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം

ആധാര്‍ കാര്‍ഡ് വോട്ടര്‍പട്ടികയുമായി ബന്ധിപ്പിക്കല്‍:  ഹെല്‍പ്പ് ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനം  ഊര്‍ജിതമാക്കാന്‍ നിര്‍ദേശം

    ആധാര്‍ കാര്‍ഡ് വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്നത് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി താലൂക്ക് ആസ്ഥാനങ്ങളില്‍ ആരംഭിച്ച ഹെല്‍പ്പ്  ഡെസ്‌ക്കുകളുടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍ദേശം നല്‍കി. താലൂക്ക് തലത്തില്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

    താലൂക്ക് പരിധിയില്‍ ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ ഇതിനായി പ്രത്യേക കൗണ്ടറുകള്‍ ആരംഭിക്കും. താലൂക്കുകളിലും വില്ലേജുകളിലും പഞ്ചായത്തുകളിലും വോട്ടര്‍ പട്ടികയുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതിനു പ്രത്യേക ഡ്രൈവ് നടത്തും. ബൂത്ത്തല ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. പൊതുജനങ്ങളിലേക്കു വിവരമെത്തിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കുടുംബശ്രീ മിഷനും കളക്ടര്‍ നിര്‍ദേശം നല്‍കി. 

    വോട്ടര്‍ പട്ടികയിലെ തെറ്റുകള്‍ തിരുത്താനും വോട്ടിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അപാകതകള്‍ തിരുത്താനും താലൂക്ക്തല ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് പുതുക്കിയ നിര്‍ദേശങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു.

    യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ ബി. അനില്‍കുമാര്‍, തഹസില്‍ദാര്‍മാര്‍, ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, പഞ്ചായത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date