Skip to main content

സ്ഥാപനങ്ങളിലെ തീപ്പിടുത്തം: പരിശോധന ശക്തമാക്കും

ജില്ലയില്‍ തീപ്പിടുത്തങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ സ്ഥാപനങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ സജ്ജീകരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി. 

 

സ്ഥാപനങ്ങളില്‍ അഗ്‌നിശമന മുന്‍കരുതല്‍ ഉപകരണങ്ങള്‍ ഉണ്ടെന്നും തീപ്പിടുത്ത സാഹചര്യങ്ങളില്‍ അവ ഉപയോഗയോഗ്യമാണെന്നും ഉറപ്പു വരുത്തണം. ഷോര്‍ട് സര്‍ക്യൂട്ടും, ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിലുള്ള വീഴ്ചയുമാണ് ചെറുകിട വ്യവസായ യൂണിറ്റുകളിലുണ്ടായ തീപ്പിടുത്തങ്ങള്‍ക്ക് പ്രധാന കാരണങ്ങള്‍. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടത്ര പരിശീലനം ലഭിക്കാത്തതും തീപ്പിടുത്തതിന്റെ തീവ്രത കൂട്ടുന്നു. 

 

ജില്ലയിലെ വ്യവസായ യൂണിറ്റുകളിലും കെട്ടിടങ്ങളിലും ആവശ്യമായ അഗ്‌നിശമന സംവിധാനങ്ങള്‍ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ഡിവിഷണല്‍ ഫയര്‍ ഓഫിസറുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. ആവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, തുടര്‍പരിശോധന നടത്തുകയും ചെയ്യും. 

 

ജില്ലയിലെ വ്യവസായ യൂണിറ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറി, മുനിസിപ്പാലിറ്റികളിലെയും ഗ്രാമപഞ്ചായത്തുകളിലെയും സെക്രട്ടറിമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തുക. ആദ്യഘട്ട പരിശോധന ഒക്ടോബര്‍ പതിനഞ്ചിനകം പൂര്‍ത്തിയാക്കാന്‍ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

date