Skip to main content

ഓണസമ്മാനമായി എന്റെ തൊഴില്‍ എന്റെ അഭിമാനം എന്യൂമറേറ്റര്‍മാര്‍ക്കുള്ള ഹോണറേറിയം എത്തി

ഓണസമ്മാനമായി എന്റെ തൊഴില്‍ എന്റെ അഭിമാനം എന്യൂമറേറ്റര്‍മാര്‍ക്കുള്ള ഹോണറേറിയം എത്തി. 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് എന്റെ തൊഴില്‍ എന്റെ അഭിമാനം. പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിച്ച എന്യൂമറേറ്റര്‍മാര്‍ക്കുള്ള ഹോണറേറിയം സി.ഡി.എസുകളിലേക്ക് അനുവദിച്ചു. സംസ്ഥാന മിഷനില്‍ നിന്ന് ലഭ്യമാക്കിയ 87.48ലക്ഷം രൂപയാണ് സി.ഡി.എസുകളിലേക്ക് അനുവദിച്ചത്. ആദ്യഘട്ട സര്‍വ്വേയിലൂടെ 3488 എന്യൂമറേറ്റര്‍മാര്‍ ജില്ലയിലെ 777 വാര്‍ഡുകളിലായി 291608 വീടുകള്‍ സന്ദര്‍ശിച്ച് വിവരശേഖരണം നടത്തിയിരുന്നു. സര്‍വെയിലൂടെ തൊഴില്‍ രഹിതരായ 197800 പേരെ കണ്ടെത്തുകയും ഇവരുടെ പ്രാഥമിക വിവരങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുകയും ചെയ്തു.
തുടര്‍ന്ന് 21നും 40 നും ഇടയില്‍ പ്രായമുള്ള ഐടിഐ, ഡിഗ്രീ, ഡിപ്ലോമ അടിസ്ഥാന യോഗ്യതയുള്ളവരെ ഡി.ഡബ്യൂ.എം.എസ് എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുകയും നൂറു ശതമാനം പ്രൊഫൈല്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുകയും ചെയ്തു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കും ഇണങ്ങുന്ന തൊഴില്‍ ദാതാക്കളെ കണ്ടെത്തുക എന്നതിനൊപ്പം മികച്ച ജോലി ലഭിക്കുന്നതിനാവശ്യമായ ഹ്രസ്വകാല പരിശീലനങ്ങളും എന്റെ തൊഴില്‍ എന്റെ അഭിമാനം ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലൂടെ ലഭ്യമാക്കുന്നു. തൊഴിലവസരങ്ങളുമായി ബന്ധപ്പെട്ട നോട്ടിഫിക്കേഷനുകള്‍ വാട്സാപ്പ്, ഇമെയില്‍ എന്നിവ മുഖേന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികളില്‍ പലര്‍ക്കും വിവിധ കമ്പനികളില്‍ നിന്ന് അവസരങ്ങള്‍ ലഭിച്ചു തുടങ്ങി എന്നത് പദ്ധതിയുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നു. സെപ്റ്റംബര്‍ അവസാന വാരം തൊഴിലന്വേഷകരെ ഉള്‍പ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖേന തൊഴില്‍ സഭകള്‍ സംഘടിപ്പിക്കുന്നതിനുള്ള പരിശീലനങ്ങള്‍ നടന്നുവരികയാണ്.

എന്യൂമറേറ്റര്‍മാര്‍ക്കുള്ള ഹോണറേറിയമായി സംസ്ഥാന മിഷനില്‍ നിന്ന് ലഭ്യമാക്കിയ തുക തൊട്ടടുത്ത ദിവസം തന്നെ സി.ഡി.എസുകളിലേക്ക് അനുവദിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഏറ്റവും മികച്ച രീതിയില്‍ സര്‍വ്വേ പൂര്‍ത്തീകരിച്ച എന്യൂമറേറ്റര്‍മാര്‍ക്കുള്ള ഓണ സമ്മാനമാണ് ഇതെന്നും കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.
 

date