Skip to main content

പ്രകൃതി സ്കൂൾ പദ്ധതിയുമായി പറവൂർ ബ്ലോക്ക് പഞ്ചായത്ത് 

 

പറവൂർ ബ്ലോക്ക് പഞ്ചായത്ത് വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും പരിസ്ഥിതി ബോധവും വർദ്ധിപ്പിക്കുന്നതിനും, കുട്ടികളെ കാർബൺ ന്യൂട്രൽ പ്രകൃതി കൃഷി പഠിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയാണ് പ്രകൃതി സ്കൂൾ. ഒരു വർഷക്കാലം നീണ്ടു നിൽക്കുന്ന ക്യാമ്പയ്നുകളിലൂടെ ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത  കൈവരിക്കുന്നതിനും കാർബൺ ന്യൂട്രലാക്കി മാറ്റുന്നതിനുo ഉള്ള പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തി വരികയാണ്. 

ഇതിൻ്റെ ആദ്യ ഘട്ടമായി ബ്ലോക്കിലെ 44 വിദ്യാലയങ്ങളിലേയും വിദ്യാർത്ഥികളെ അണിനിരത്തി, പരിസ്ഥിതി സൗഹൃദചിത്രങ്ങൾ വരയ്ക്കുന്ന ചിത്രോത്സവം സംഘടിപ്പിച്ചിരുന്നു.  ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുമായി സംയോജിപ്പിച്ച് സ്കൂൾ കുട്ടികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിന്, ജൈവകൃഷിയും പ്രകൃതി സംരക്ഷണവും പ്രമേയമാക്കിയാണ് ചിത്രരചന മത്സരം സംഘടിപ്പിച്ചത്. 1152 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ നിന്നും 47 കുട്ടികളെ തെരഞ്ഞെടുത്താണ് അവസാന മത്സരം സംഘടിപ്പിച്ചത്. മികച്ച ചിത്രങ്ങൾ വരച്ച എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ 9 കുട്ടികൾക്ക് മൊമെന്റോയും സമ്മാനങ്ങളും നൽകി ആദരിച്ചു.

അടുത്ത ഘട്ടത്തിൽ തെരഞ്ഞെടുക്കുന്ന സ്കൂളുകൾക്ക് തൈകൾ നൽകി കുട്ടികളെ കൊണ്ടു തന്നെ കൃഷി ചെയ്യിക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഈ സാമ്പത്തിക വർഷത്തിൽ ഒരു ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. കാർഷിക കലണ്ടർ അടിസ്ഥാനമാക്കി ഓരോ സമയത്ത് അതത് വിത്തുകളും തൈകളും സ്കൂളുകൾക്ക് നൽകും. ശീതകാല പച്ചക്കറി ഇനങ്ങളായ കോളിഫ്ലവർ, ക്യാബേജ് തൈകളാണ് ആദ്യം സ്കൂളുകൾക്ക് നൽകുക.

പല ഘട്ടങ്ങളിലായി നടക്കുന്ന പദ്ധതിയിൽ എല്ലാ വിദ്യാലയങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്തും. കോട്ടുവളളി പഞ്ചായത്തിലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുക. തുടർന്ന് എല്ലാ പഞ്ചായത്തുകളിലും പദ്ധതി വ്യാപിപ്പിക്കും. സംസ്ഥാനത്തിന് തന്നെ മാതൃകയാക്കാവുന്ന ഈ പദ്ധതി വരും വർഷങ്ങളിലും നടപ്പാക്കാനാണ് പറവൂർ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്.

date