Skip to main content
വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പുതിയ ഐസൊലേഷൻ ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം.എൽ.എ. നിർവഹിക്കുന്നു

ആരോഗ്യമേഖലയിൽ കേരളത്തിൽ വൻ  മുന്നേറ്റം: ആന്റണി ജോൺ എം.എൽ.എ. 

 

വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പുതിയ ഐസൊലേഷൻ ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു

ആരോഗ്യമേഖലയിൽ കേരളം വൻ മുന്നേറ്റം നടത്തുന്ന കാലഘട്ടമാണിതെന്ന് ആന്റണി ജോൺ എം.എൽ.എ. വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ (സി.എച്ച്.സി) പുതിയ ഐസൊലേഷൻ ബ്ലോക്കിന്റെ ശിലാസ്ഥാപന കർമ്മം  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളേജുകൾ വരെ അത്യാധുനിക നിലവാരം കൈവരിക്കുകയാണ്. അതിന്റെ ഭാഗമായി കോതമംഗലത്തെ സർക്കാർ ആശുപത്രികളും ഉന്നത നിലവാരത്തിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. വാരപ്പെട്ടി സി.എച്ച്.സി യിലെ പുതിയ ബ്ലോക്കിന്റെ  നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുമെന്നും  എം.എൽ.എ വ്യക്തമാക്കി.

ഒരു കോടി എഴുപത്തി ഒൻപത് ലക്ഷം രൂപ ചെലവിൽ 2450 ചതുരശ്ര അടി  വലുപ്പത്തിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഐസൊലേഷൻ ബ്ലോക്ക് ഒരുക്കുന്നത്. ആന്റണി ജോൺ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും  കിഫ്‌ബി ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. 

കോവിഡ് ഉൾപ്പെടെയുള്ള  പകർച്ചവ്യാധികൾ മൂലം ഐസൊലേഷൻ വേണ്ടിവരുന്ന രോഗികൾക്ക് ആവശ്യമായ സൗകര്യമൊരുക്കുകയാണ് പുതിയ ബ്ലോക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. പത്ത് കിടക്കകളോടുകൂടിയ ഐ.സി.യു സൗകര്യമുള്ള ഐസൊലേഷൻ വാർഡ് ഉൾപ്പെടുന്നതാണ് പുതിയ ബ്ലോക്ക്.

കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം ബഷീർ അധ്യക്ഷത വഹിച്ചു. വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ചന്ദ്രശേഖരൻ നായർ, ജില്ലാ പഞ്ചായത്ത് മെമ്പർ റാണിക്കുട്ടി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ഡയാന നോബി, ജോമി തെക്കേക്കര, ജെയിംസ് കോറമ്പേൽ, ആർദ്രം മിഷൻ നോഡൽ ഓഫീസർ ഡോ. സി. രോഹിണി, മെഡിക്കൽ ഓഫീസർ ഡോ. മാത്യു എം. ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ കെ.എം സെയ്ത്, കെ.കെ ഹുസൈൻ, പി.പി കുട്ടൻ, എയ്ഞ്ചൽ മേരി ജോബി, ദീപ ഷാജു, ഷജി ബെസി, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

date