Skip to main content
എറണാകുളം ജില്ല ഇൻഫർമേഷൻ ഓഫീസും ജി.യു.പി.എസ് പായിപ്രയും നന്മ ടീം പായിപ്രയും ചേർന്ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ സംഗമം മൂവാറ്റുപുഴ എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്റോ ഉദ്ഘാടനം ചെയ്യുന്നു

ലഹരിക്ക് പകരം ജീവിതം ലഹരിയാക്കണം പായിപ്രയിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ സംഗമം

 

മദ്യത്തിനും മയക്കുമരുന്നിനും പകരം ജീവിതത്തെ ലഹരിയാക്കി മാറ്റാൻ നമുക്ക് കഴിയണമെന്ന് പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ അനസ് തൈപ്പറമ്പിൽ. പായിപ്ര സ്കൂൾ പടിയിയിൽ എറണാകുളം ജില്ല ഇൻഫർമേഷൻ ഓഫീസും പായിപ്ര ഗവ. യു.പി.സ്കൂളും നന്മ ടീം പായിപ്രയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ബോധവൽക്കരണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കുടുംബങ്ങളെ ആസ്വദിക്കാൻ കഴിയാതെ  മറ്റു ലഹരി തേടി പോകുന്നുണ്ടെങ്കിൽ അതിന് ഉത്തരവാദികൾ നമ്മൾ തന്നെയല്ലേ എന്ന് ഓരോരുത്തരും സ്വയം ചിന്തിക്കേണ്ട കാര്യമാണ്. ലഹരിയുടെ പ്രവർത്തനം ശരീരത്തിൽ ആരംഭിക്കുന്നതോടെ ആരോട് എങ്ങനെ സംസാരിക്കണം എന്ത് ചെയ്യണം എന്ന ചിന്ത മാഞ്ഞു പോകുകയാണ്. ഇത്തരം ഘട്ടത്തിലേക്ക് മക്കൾ എങ്ങനെ എത്തിപ്പെടുന്നു എന്ന് ചിന്തിക്കേണ്ടതുണ്ടത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ കുടുംബാംഗങ്ങൾ തമ്മിൽ ഊഷ്മളമായ ബന്ധം ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലഹരി മരുന്നുകളുടെ ദൂഷ്യഫലങ്ങളെ കുറിച്ചും യുവാക്കളെയും കുട്ടികളെയും അതിൽ നിന്ന് പുറത്തു കൊണ്ടുവരുന്നത് സംബന്ധിച്ചും സംഗമത്തിൽ അദ്ദേഹം വ്യക്തമാക്കി.

ലഹരി വിരുദ്ധ ബോധവൽക്കരണ സംഗമത്തിന്റെ ഉദ്ഘാടനം എക്സൈസ് ഇൻസ്പെക്ടർ സുനിൽ ആന്റോ ഉദ്ഘാടനം ചെയ്തു. നാടിനെ ലഹരി മുക്തമാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും  ഇതിനായി തന്നാൽ കഴിയുന്ന കാര്യങ്ങൾ നിർവഹിക്കുമെന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

പരിപാടിയിൽ പായിപ്ര ജി.യു.പി. സ്കൂൾ പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ അധ്യക്ഷത വഹിച്ചു. പായിപ്ര ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ എം.സി വിനയൻ ലഹരി വിരുദ്ധ സന്ദേശം നൽകി. വാർഡ് അംഗം പി.എച്ച് സക്കീർ ഹുസൈൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 

പായിപ്ര ഗവ.യു.പി. സ്കൂൾ ഹെഡ്മിസ്ട്രസ് 
വി.എ റഹീമ ബീവി, നന്മ ടീം പ്രതിനിധികളായ സഹീർ മേനാമറ്റം, നിഷാദ് പാണായി ച്ചാലിൽ, ഷാജഹാൻ, നൗഷാദ് പ്ലാക്കുടി, അജാസ് മുതിരക്കാലായിൽ, അജ്മൽ ഇടശ്ശേരിക്കുടിയിൽ  തുടങ്ങിയവർ പങ്കെടുത്തു.

date