Skip to main content
കോതമംഗലം നഗരസഭാ തല കേര രക്ഷാ വാരാചരണത്തിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിക്കുന്നു

കോതമംഗലം നഗരസഭയില്‍  കേര രക്ഷാ വാരാചരണത്തിന് തുടക്കമായി

 

    നാളികേര ഉത്പാദനം മെച്ചപ്പെടുത്തുന്നതിനുള്ള കൃഷി വകുപ്പിന്റെ കൂട്ടായ പ്രവര്‍ത്തനത്തില്‍ കര്‍ഷകര്‍ പങ്കാളികളാകണമെന്ന് ആന്റണി ജോണ്‍ എം.എല്‍.എ പറഞ്ഞു. കോതമംഗലം നഗരസഭാ കൃഷിഭവന്‍ പരിധിയിലെ കേര രക്ഷാ വാരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

    തെങ്ങിന് ജൈവവളമായി പയര്‍ വിത്ത് വിതയ്ക്കല്‍, ശീമക്കൊന്നയുടെ പച്ചില വളപ്രയോഗം, ശീമക്കൊന്ന കമ്പു നടീല്‍ എന്നിവ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തി. 

    സിബി മങ്ങാട്ട് എന്ന കര്‍ഷകന്റെ കൃഷിയിടത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ സിന്ധു ഗണേശന്‍ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി.പി സിന്ധു, കൗണ്‍സിലര്‍മാരായ രമ്യാ വിനോദ്, ഭാനുമതി രാജു, റോസിലി ഷിബു, പി.ആര്‍ ഉണ്ണിക്കൃഷ്ണന്‍, വിദ്യാ പ്രസന്നന്‍, ഇ.പി സാജു, രഞ്ജിത് തോമസ്, ഒ.പി പ്രദീപ്, കൃഷി ഫീല്‍ഡ് ഓഫീസര്‍ എല്‍.ഷിബി, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

    നഗരസഭാ കൃഷിഭവന്‍ മുഖേന എണ്ണായിരത്തോളം തെങ്ങുകള്‍ക്ക് പയര്‍ വിത്ത് വിതരണവും, അയ്യായിരം ശീമക്കൊന്ന കമ്പുകളുടെ വിതരണവും നടത്തുന്നുണ്ട്. കമ്പുകള്‍ കൃഷിയിടത്തില്‍ത്തന്നെ വേലിയരികിലൂടെ നട്ടുവളര്‍ത്തുന്നതു വഴി നേരിട്ട് തെങ്ങുകള്‍ക്ക് ഹെക്ടറിന് വര്‍ഷത്തില്‍ അഞ്ച് ടണ്ണോളം ജൈവവള ലഭ്യത ഉറപ്പാക്കാം. നാളികേര ഉത്പാദനം വര്‍ധിപ്പിക്കുന്നതിനുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ കോതമംഗലത്തെ എല്ലാ കൃഷിഭവനുകളിലും നടത്തുന്നുണ്ടെന്നും കേര കര്‍ഷകര്‍ അതാതു കൃഷിഭവനുമായി ബന്ധപ്പെട്ട് പദ്ധതിയില്‍ പങ്കാളികളാകണമെന്നും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു

date