Skip to main content
വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ പെട്ട മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സീനിയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ജില്ലാ കളക്ടർ ഡോ. രേണു രാജ് എത്തിയപ്പോൾ.

വടക്കഞ്ചേരി ബസ് അപകടം: വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണയുമായി ജില്ലാ കളക്ടർ

 

       വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ പെട്ട മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സീനിയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ജില്ലാ കളക്ടർ ഡോ. രേണു രാജ്. 

       സ്കൂളിലെത്തി കുട്ടികളുമായി കളക്ടർ സംസാരിച്ചു.  അപകടങ്ങളിൽ നിന്നും പ്രതിസന്ധികളിൽ നിന്നും  ജീവിത പാഠമുൾക്കൊണ്ട് മുന്നോട്ട് പോകാൻ കഴിയണമെന്ന് കളക്ടർ പറഞ്ഞു. 

പ്രശ്നങ്ങളും അപകടങ്ങളും തിരിച്ചറിയാനും ഭാവിയിൽ അതനുസരിച്ച് പ്രവർത്തിക്കാനും നമുക്ക് കഴിയണം. പല തരത്തിലുള്ള അപകടങ്ങളാണ് ചുറ്റും പതിയിരിക്കുന്നത്. ഒന്നു ശ്രദ്ധിച്ചാൽ അതിൽ 80 ശതമാനവും ഒഴിവാക്കാനാകും. ഇതുവഴി നമ്മളെയും നമുക്ക് ചുറ്റുമുള്ളവരെയും രക്ഷിക്കാനും കഴിയുമെന്ന് കളക്ടർ പറഞ്ഞു.

എല്ലാ കാര്യത്തിലും നിയമപരമായ പരിധികൾ പാലിക്കണമെന്ന് കളക്ടർ കുട്ടികളെ ഓർമ്മിപ്പിച്ചു. ഇങ്ങനെ ഉണ്ടാകുന്ന സന്തോഷം മാത്രമാണ് എല്ലാ കാലത്തും ആസ്വദിക്കാൻ കഴിയുന്നത്. ഉറപ്പില്ലാത്ത കാര്യങ്ങളിൽ പറ്റില്ല എന്ന് പറയാനുള്ള ധൈര്യം എല്ലാവർക്കും ഉണ്ടാകേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ചു. അറിഞ്ഞോ അറിയാതെയോ ലഹരിയുടെ അപകടത്തിൽപ്പെട്ടു പോകുന്ന ഒരുപാട് വിദ്യാർത്ഥികൾ നമുക്കിടയിലുണ്ട്. ഇക്കാര്യം പ്രത്യേകം മനസിൽ സൂക്ഷിക്കണമെന്നും ലഹരി മരുന്ന് എന്ന മാരക വിപത്തിൽ നിന്ന്  ഒഴിഞ്ഞ് നിൽക്കണമെന്നും കളക്ടർ പറഞ്ഞു.

വിനോദയാത്രയ്ക്കിടെയുണ്ടായ അപകടത്തിൽ കൂട്ടുകാരെയും അധ്യാപകനെയും നഷ്ടപ്പെട്ടതിന്റെ ഞെട്ടൽ മാറാത്ത കുട്ടികൾക്ക് മാനസിക പിന്തുണയുമായി വിദ്യാനികേതൻ സ്കൂളിൽ എത്തിയതായിരുന്നു കളക്ടർ. 

മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി, വൈസ് പ്രസിഡന്റ് രതീഷ് കെ. ദിവാകരൻ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ കെ. ഉഷ ബിന്ദുമോൾ, കണയന്നൂർ തഹസിൽദാർ രഞ്ജിത് ജോർജ്, തൃപ്പൂണിത്തുറ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ രശ്മി, മുളന്തുരുത്തി വില്ലേജ് ഓഫീസർ വി.എ സുരേഷ്, സ്കൂൾ മാനേജർ ഫാദർ കുര്യാക്കോസ് ജോർജ്, പ്രിൻസിപ്പൽ ഗീത മോഹൻ, എച്ച്.എം ഫോറം സെക്രട്ടറി സാബു വർഗീസ്, വെട്ടിക്കൽ സെന്റ് തോമസ് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീല ജോർജ് തുടങ്ങിയവർ സന്നിഹിതരായി.

date