Skip to main content
മൂവാറ്റുപുഴ പോളി വെറ്റിറിനറി ക്ലിനിക്കിൽ നടത്തിയ മൃഗസംരക്ഷണ ബോധവൽക്കരണ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യുന്നു

മൃഗസംരക്ഷണ ബോധവല്‍ക്കരണ  സെമിനാർ 

 

മൃഗസംരക്ഷണ വകുപ്പ് 2022-23 സാമ്പത്തിക വർഷത്തില്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന മൃഗക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്  കോണ്‍ഫ്രന്‍സ് ഹാളില്‍  മൃഗസംരക്ഷണ സെമിനാർ  ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. 

തെരുവ് നായ്ക്കള്‍ക്ക് വേണ്ടി ജില്ലാതലത്തില്‍ ഒരു ഷെല്‍ട്ടർ ആരംഭിക്കുന്നതിനുളള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും വടവുകോട്, മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തുകളില്‍ തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണ പരിപാടി ഉടന്‍ ആരംഭിക്കാനാകുമെന്നും  ജില്ലാ പഞ്ചായത്ത്  പ്രസിഡൻ്റ് ഉല്ലാസ് തോമസ് പറഞ്ഞു. വളർത്തുനായ്ക്കളുടെ പ്രതിരോധ കുത്തിവെയ്പ്പും ലൈസന്‍സിങ്ങും നൂറ് ശതമാനം പൂർത്തീകരിക്കേണ്ടതിന്‍റെ ആവശ്യകത അദ്ദേഹം ചൂണ്ടികാട്ടി. പെറ്റ് ഷോപ്പുകളുടെ ലൈസന്‍സിങ്ങില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ത്രിതല പഞ്ചായത്തുകളുടേയും വകുപ്പിന്‍റേയും ഉദ്യോഗസ്ഥരുടേയും ഒറ്റക്കെട്ടായ പരിശ്രമത്തിലൂടെ തെരുവ് നായകളുടെ പ്രജനനം നിയന്ത്രിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തെരുവ് നായ നിയന്ത്രണത്തിനായി സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കണെമന്ന് യോഗാദ്ധ്യക്ഷന്‍ മൂവാറ്റുപുഴ നഗരസഭാ ചെയർമാന്‍  പി.പി. എല്‍ദോസ് ആവശ്യപ്പെട്ടു.

 വളർത്തുനായ്ക്കളുടെ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് ജില്ലയില്‍ പൂർത്തീകരിക്കാറായി എന്നും തെരുവ് നായ്ക്കളുടെ പ്രതിരോധ കുത്തിവെയ്പ്പ് ഉടന്‍ ആരംഭിക്കാനാകുമെന്നും സെമിനാറിന് സ്വാഗതം ആശംസിച്ച്  ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പി.എം. രചന പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍  റാണിക്കുട്ടി ജോർജ്ജ്, മൂവാറ്റുപുഴ നഗരസഭ വൈസ് ചെയർപേഴ്സണ്‍  സിനി ബിജു, മൂവാറ്റുപുഴ നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്‍ അബ്ദുള്‍ ഖാദർ അജിമോന്‍, മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക് സീനിയർ വെറ്ററിനറി സർജന്‍ ഡോ. പി.എസ്. ഷമീം അബൂബക്കർ
എന്നിവർ സംസാരിച്ചു. 

      മൃഗസംരക്ഷണ സെമിനാറിൽ മൃഗസംരക്ഷണ വകുപ്പ് മുന്‍ ജോയിന്‍റ് ഡയറക്ടർ ഡോ ബേബി ജോസഫ് ക്ലാസ്സുകള്‍ നയിച്ചു.

date