Skip to main content
അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി  തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ എലൂർ മുനിസിപ്പാലിറ്റി, ആരോഗ്യ വകുപ്പ്, എക്‌സൈസ് ,ജില്ലാ ഇൻഫർമേഷൻ ഓഫീസ്, നിർമാണ തൊഴിലാളി ക്ഷേമ നിധി ബോർഡ്‌ എന്നിവരുടെ സഹകരണത്തോടെഎലൂർ മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച  ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും എലൂർ നഗരസഭാ ചെയർമാൻ എ. ഡി സുജിൽ ഉദ്ഘാടനം ചെയ്യുന്നു

ലഹരി വിരുദ്ധ പ്രചാരണം:  അതിഥി തൊഴിലാളികള്‍ക്ക്  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

    ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി അതിഥി തൊഴിലാളികള്‍ക്ക് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഏലൂര്‍ നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍മാന്‍ എ.ഡി സുജില്‍ ഉദ്ഘാടനം ചെയ്തു.

    ലഹരി ഉപയോഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കിക്കൊണ്ടുള്ള ഊര്‍ജിത പ്രവര്‍ത്തനങ്ങളാണ് ക്യാംപയിനിലൂടെ സംസ്ഥാനത്ത് നടക്കുന്നതെന്നും അതിഥി തൊഴിലാളികള്‍ ക്യാംപയിന്‍ ഗുണകരമായി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

    തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ എക്‌സൈസ് വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഏലൂര്‍ നഗരസഭാ ആരോഗ്യ വകുപ്പ്, കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് എന്നിവരുടെ സഹകരണത്തോടെയാണു പരിപാടി സംഘടിപ്പിച്ചത്.

    സംസ്ഥാന സര്‍ക്കാറിന്റെ ലഹരി മുക്ത കേരളം ക്യാംപയിനിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ 22 വരെ അതിഥി തൊഴിലാളികളെ ലഹരിയില്‍ നിന്നും വിമുക്തരാക്കുകയും ലഹരി ഉപയോഗവും വിതരണവും തടയുകയും ലക്ഷ്യമാക്കി വിപുലമായ പരിപാടികളാണു ജില്ലയില്‍ നടന്നുവരുന്നത്. 

    ജില്ലാ ലേബര്‍ ഓഫീസര്‍ പി.ജി വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.ടി ഹാരിസ് തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. എലൂര്‍ മേഖലയിലെ 150 തൊഴിലാളികള്‍ പങ്കെടുത്തു. സന്നദ്ധ സംഘടനാ പ്രവര്‍ത്തകനായ രവീന്ദ്ര പ്രസാദ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രതിജ്ഞ തൊഴിലാളികള്‍ക്കു ചൊല്ലിക്കൊടുത്തു.

     കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.എ നദീറ നാസര്‍, അഡീഷ്ണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോസ് രാജു, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ലൂവീത്ത ജാന്‍സി തുടങ്ങിയവര്‍ പങ്കെടുത്തു.

date