Skip to main content
ജനകീയം 2022 മെഗാ ക്വിസിന്റെ ജില്ലാ തല മത്സരത്തിൽ ഒന്നാമതെത്തിയ കാഞ്ഞിരമറ്റം സെന്റ് ഇഗ്നേഷ്യസ് ഹയർ സെക്കന്ററി സ്കൂളിലെ സിറിൽ സി. റെജി, ടി.എൻ ഹരികൃഷ്ണൻ എന്നിവർക്ക് ജില്ലാ കളക്ടർ ഡോ. രേണു രാജ് ട്രോഫി നൽകുന്നു

ജനകീയം 2022: ജില്ലാതല മെഗാ ക്വിസ്   മത്സരം സംഘടിപ്പിച്ചു

    ആസാദി കാ അമൃത് മഹോത്സവത്തിന്റെയും ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെയും ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് നടത്തുന്ന ജനകീയം 2022 മെഗാ ക്വിസിന്റെ ജില്ലാതല മത്സരം സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ  ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി പഞ്ചായത്ത് വകുപ്പ്  പെര്‍ഫോമന്‍സ് ഓഡിറ്റ് തലത്തില്‍ നടത്തിയ മത്സരത്തില്‍ വിജയികളായ 17 ടീമുകളായിരുന്നു മത്സരത്തില്‍ പങ്കെടുത്തത്. വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് നിര്‍വഹിച്ചു.

    ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നതിലൂടെയും സ്‌കൂളിന്റെ ചുറ്റുപാടുകളില്‍ നിന്നു പുറത്തുള്ള മറ്റു കുട്ടികളെ പരിചയപ്പെടുന്നതിലൂടെയും ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുമെന്ന് മത്സരാര്‍ത്ഥികളോട് കളക്ടര്‍ പറഞ്ഞു. 

    രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാനുമായി ചേര്‍ന്നു നടത്തിയ മത്സരത്തില്‍ കാഞ്ഞിരമറ്റം സെന്റ് ഇഗ്‌നേഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സിറില്‍ സി.റെജി, ടി.എന്‍ ഹരികൃഷ്ണന്‍ എന്നിവരാണ് ഒന്നാമതെത്തിയത്. ആരക്കുഴ സെന്റ് മേരിസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാത്യൂസ് ജോണി, മാത്യൂസ് പ്രിന്‍സ് എന്നിവര്‍ രണ്ടാം സ്ഥാനത്തും മൂത്തകുന്നം എസ്.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സി.എസ് മേഘ, വി.ഐ ഷിഫ എന്നിവര്‍ മൂന്നാമതും എത്തി.

    വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ക്കും ട്രോഫിക്കും പുറമേ യഥാക്രമം 5000, 3000, 2000 രൂപ വീതം ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും   സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.  സംസ്ഥാനതല മത്സരം ഒക്ടോബര്‍ 28ന് പാലക്കാട് നടക്കും.

    തദ്ദേശ സ്വയംഭരണം, പഞ്ചായത്തിരാജ്, അധികാര വികേന്ദ്രീകരണം, സ്വാതന്ത്ര്യസമരം, ദേശീയ പ്രസ്ഥാനം, ശുചിത്വബോധം, പൗരബോധം, ജനകീയാസൂത്രണം, പ്രകൃതി സംരക്ഷണം, കേരള ചരിത്രം, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു മത്സരം സംഘടിപ്പിച്ചത്. 

    പഞ്ചായത്ത് അസി. ഡയറക്ടര്‍ വിധു എ. മേനോന്‍ മത്സരത്തിനു നേതൃത്വം നല്‍കി. പഞ്ചായത്ത് വകുപ്പ് സീനിയര്‍ സൂപ്രണ്ട് വി.എസ് രാജേഷ്, ജൂനിയര്‍ സൂപ്രണ്ട് കെ. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date