Skip to main content

ദീപാവലി ആഘോഷങ്ങള്‍:  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം

 

    ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കങ്ങളും കരിമരുന്നും കൈവശം വയ്ക്കുന്നതിനും വില്‍പ്പന നടത്തുന്നതിനും എക്‌സ്‌പ്ലോസീവ് നിയമങ്ങള്‍ പാലിക്കണമെന്ന് ലൈസന്‍സിങ്ങ് അതോറിറ്റി കൂടിയായ അഡീഷ്ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്.ഷാജഹാന്‍ അറിയിച്ചു. ലൈസന്‍സിങ്ങ് അതോറിറ്റിയില്‍ നിന്നു നിയമപരമായ ലൈസന്‍സ് കരസ്ഥമാക്കി മാത്രമേ എക്‌സ്‌പ്ലോസീവ് സാമിഗ്രികള്‍ വിതരണം ചെയ്യുവാന്‍ അനുവദിക്കൂ. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അഡീഷ്ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

    ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി എക്‌സ്‌പ്ലോസീവ് സാമിഗ്രികള്‍ വിതരണം ചെയ്യുന്നവര്‍ താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്വയം ഉറപ്പ് വരുത്തണം. 

    കെട്ടിടങ്ങളുടെ മധ്യഭാഗത്തോ, ഒന്നില്‍ കൂടുതല്‍ നിലകളുള്ള കെട്ടിടങ്ങളിലെ താഴത്തെ നിലയിലോ, ലിഫ്റ്റ്, ഗോവണി എന്നിവയ്ക്ക് അടിയിലോ സമീപമോ പടക്കങ്ങളും വെടിമരുന്നുകളും സൂക്ഷിക്കുകയോ വില്‍പ്പന നടത്തുകയോ ചെയ്യരുത്.

    തീപിടിത്ത-അപകട സാധ്യതയുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നിടങ്ങളില്‍ 15 മീറ്റര്‍ പരിധിയില്‍ പടക്ക കടകള്‍ പ്രവര്‍ത്തിക്കരുത്. കല്യാണ മണ്ഡപങ്ങളും ഓഡിറ്റോറിയങ്ങളും പോലുള്ള ആള്‍ക്കൂട്ട സാധ്യതയുള്ള സ്ഥലങ്ങളില്‍ വില്‍പ്പന അനുവദിക്കില്ല. അപകട മുന്നറിയിപ്പും മുന്‍കരുതലുകളും സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ കടകള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കണം. താല്‍ക്കാലികമായി തുറസായ മൈതാനങ്ങളില്‍ അനുവദിക്കുന്ന കടകള്‍ തമ്മില്‍ 3 മീറ്റര്‍ അകലവും നിര്‍മ്മാണ പ്രവൃത്തികളില്‍ നിന്ന് 50 മീറ്റര്‍ അകലവും പാലിക്കണം. നിരോധിത രാസവസ്തുക്കളോ അവയുടെ സംയുക്തങ്ങളോ കൈവശം വയ്ക്കുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. 18 വയസില്‍ താഴെയുള്ള കുട്ടികള്‍ മുതിര്‍ന്നവരോടൊപ്പമല്ലാതെ വില്‍പ്പനയില്‍ ഏര്‍പ്പെടരുത്. തീപിടിക്കാന്‍ സാധ്യതയുളള വസ്തുക്കള്‍ കടകളില്‍ നിന്ന് ഒഴിവാക്കണം.

    ഏതെങ്കിലും തരത്തിലുള്ള നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ വിവരം അടുത്തുള്ള പോലീസ് സ്റ്റേഷനിലോ / തഹസിദാരുടെ ഓഫീസിലോ രേഖാമൂലം അറിയിക്കണമെന്നും അഡീഷ്ണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അഭ്യര്‍ഥിച്ചു.

date