Skip to main content
ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പഞ്ചായത്ത് തല റിസോഴ്സ് പേഴ്സണ്‍മാരുടെ പരിശീലന പരിപാടിയുടെ സമാപനയോഗം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷന്‍ എം.ജെ ജോമി  ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം;  റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ  പരിശീലനം പൂര്‍ത്തിയായി 

    ന്യൂ ഇന്ത്യ ലിറ്ററസി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പഞ്ചായത്ത്തല റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ പരിശീലന പരിപാടി സമാപിച്ചു. സമാപനയോഗം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസസ്ഥിരം സമിതി അധ്യക്ഷന്‍ എം.ജെ ജോമി  ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ മൂന്ന് ദിവസത്തെ പരിശീലനമാണ് നടത്തിയത്.  ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാരായ കെ.ജി. രാധാകൃഷ്ണന്‍, എം.പി ജയന്‍, വി.എന്‍. അനില്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു ക്ലാസുകള്‍ നടന്നത്. 

    നിരക്ഷരരായവരെ കണ്ടെത്തി സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയിലെ നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള സര്‍വേ പൂര്‍ത്തിയാക്കിയിരുന്നു. സര്‍വേയിലൂടെ 5728  നിരക്ഷരരെയാണു ജില്ലയില്‍ കണ്ടെത്തിയത്.

    ഇവരെ സാക്ഷരരാക്കുന്നതിനാണ് പഞ്ചായത്ത്തല റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്കു പരിശീലനം നല്‍കിയത്. ഇവര്‍ അതാത് പഞ്ചായത്തുകളിലെ ഇന്‍ട്രക്ടര്‍മാര്‍ക്കു പരിശീലനം നല്‍കും. ഒക്ടോബര്‍ അവസാനത്തോടെ ഇന്‍ട്രക്ടര്‍മാരുടെ പരിശീലനം ആരംഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്ന ഇന്‍സ്ട്രക്ടര്‍മാര്‍ നിരക്ഷരരെ പഠിപ്പിച്ച് പരീക്ഷയ്ക്ക് തയ്യാറാക്കും. അടുത്ത വര്‍ഷം ജനുവരി 22 നകം പരീക്ഷ പൂര്‍ത്തിയാക്കും വിധമാണു കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 

    സമാപനയോഗത്തില്‍ സാക്ഷരതാമിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ ദീപ ജെയിംസ്, അസിസ്റ്റന്റ് കോ- ഓഡിനേറ്റര്‍മാരായ കൊച്ചുറാണി മാത്യു, കെ.എം. സുബൈദ, മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകന്‍ എം.കെ രാജേന്ദ്രന്‍ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

date