Skip to main content
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍, നവകേരള പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ നടക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ അവലോകന യോഗത്തില്‍ മന്ത്രി പി. രാജീവ് സംസാരിക്കുന്നു.

ലഹരിക്കെതിരെ ഒറ്റക്കെട്ടായി ശക്തമായി  പോരാടണം: മന്ത്രി പി. രാജീവ്

 

നവംബര്‍ ഒന്നിന് ലഹരിവിരുദ്ധ മനുഷ്യശൃംഖല

    ലഹരിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി ശക്തമായി പോരാടണമെന്നും പ്രവര്‍ത്തനങ്ങള്‍ തുടര്‍ പ്രക്രിയയായി മുന്നോട്ടു കൊണ്ടുപോകണമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍, നവകേരള പദ്ധതിയുടെ ഭാഗമായി എറണാകുളം ജില്ലയില്‍ നടക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

    സംസ്ഥാന നിയമസഭ ഒറ്റക്കെട്ടായാണു ലഹരി വിരുദ്ധ പരിപാടികള്‍ക്കായി നിലപാട് സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു വിപുലമായ ലഹരി വിരുദ്ധ പരിപാടികളാണു നടക്കുന്നത്. എക്‌സൈസിന്റേയും പോലീസിന്റെയും നിയമ നടപടികള്‍കൊണ്ടു മാത്രം തടയാന്‍ കഴിയുന്നതല്ല മയക്കുമരുന്നിനോടുള്ള പ്രവണത. സമൂഹത്തിലേക്കും ക്യാംപയിനിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ സാധിക്കണം. സൂക്ഷ്മ തലങ്ങളിലേക്കുള്ള ബോധവല്‍ക്കരണം മാത്രമേ ഫലപ്രദമാകൂ. ഒക്ടോബര്‍ ആറു മുതല്‍ നവംബര്‍ ഒന്നു വരെ സംസ്ഥാനത്താകെ വിപുലമായ ലഹരിവിരുദ്ധ പരിപാടികള്‍ സംഘടിപ്പിച്ചു വരികയാണ്.
എല്ലാ തലങ്ങളിലും സമൂഹം ഒറ്റക്കെട്ടായാണു യജ്ഞം ഏറ്റെടുത്തിരിക്കുന്നത്. ജില്ലയിലെ എല്ലാ വകുപ്പുകളും ചുമതലകള്‍ നല്ല രീതിയില്‍ നിര്‍വഹിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെക്കൂടി പങ്കെടുപ്പിച്ച് ക്യാംപയിനുകള്‍ വിപുലമായി ഏകോപിപ്പിച്ചു കൂടുതല്‍ ജനകീയമാക്കണം. ലൈബ്രറികള്‍ പ്രധാന കേന്ദ്രമായി മാറണം. ലഹരിയില്‍ നിന്ന് സ്‌പോര്‍ട്‌സിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയണമെന്നും മന്ത്രി പറഞ്ഞു. 

      തീരദേശം പ്രത്യേക ഹോട്ട് സ്‌പോട്ടായി പരിഗണിക്കണം. തീരദേശ മേഖലയിലെ പഞ്ചായത്തുകളും ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. വാര്‍ഡ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ തലങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി യോഗങ്ങള്‍ ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തണം. പോലീസും എക്‌സൈസും ഹോട്ട് സ്‌പോട്ടുകളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കണം.
 
    അതിഥി തൊഴിലാളികളെ ബോധവല്‍ക്കരിക്കുന്നതിനായി അവരുടെ ഭാഷയിലുള്ള പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനു തൊഴില്‍ വകുപ്പിനെ മന്ത്രി ചുമതലപ്പെടുത്തി. ഒക്ടോബര്‍ 22 ന് എം.പി, എം.എല്‍.എ മാരുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ദീപം തെളിയിക്കും. 24 ന് കുടുംബശ്രീയുടെ നേതൃത്വത്തില്‍ വീടുകളിലും 25 ന് എല്ലാ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ദീപം തെളിയിക്കും. 28 ന് പഞ്ചായത്ത്തലത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിക്കും. നവംബര്‍ ഒന്നിന് നടക്കുന്ന ലഹരിവിരുദ്ധ മനുഷ്യ ശൃംഖലയുടെ ഭാഗമായി 30, 31 തീയതികളില്‍ വിളംബര ജാഥയും നടത്തും. നവംബര്‍ ഒന്നിന് വൈകിട്ട് മൂന്നിന് വാര്‍ഡ്തലത്തില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന മനുഷ്യ ശൃംഖലയ്ക്കു ശേഷം പ്രതീകാത്മകമായി ലഹരി മരുന്ന് കത്തിച്ചു കുഴിച്ചു മൂടുമെന്നും മന്ത്രി പറഞ്ഞു.

            വിവിധ വകുപ്പുകളുടെ പ്രവര്‍ത്തങ്ങള്‍ക്ക് ഏകീകൃത രൂപം വരേണ്ടതുണ്ടെന്നും ലഹരി ശക്തനായ എതിരാളിയാണെന്ന് മനസിലാക്കിയുള്ള പ്രവര്‍ത്തനം ഉണ്ടാകണമെന്നും കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ പറഞ്ഞു. ലഹരിക്കെതിരായുള്ള ക്യാംപയിന്‍ തുടരുകയും ശിക്ഷാ നടപടികളില്‍ ലഹരി ഉപയോഗിക്കുന്നവരില്‍ ഭയം ഉണ്ടാകുകയും വേണമെന്നും അന്‍വര്‍ സാദത്ത് എം.എല്‍.എ പറഞ്ഞു. എങ്കില്‍ മാത്രമേ ഒരു പരിധി വരെ ഉപയോഗം നിയന്ത്രിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. 

    ലഹരിമുക്ത ക്യാംപയിന്‍ തുടര്‍ന്നും നടക്കേണ്ടതാണെന്നും  സമൂഹം ലഹരിക്കെതിരെ ജാഗരൂഗരാണെന്നു ബോധ്യപ്പെടണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. സജീവമായി ഇത്തരം പരിപാടികള്‍ ദീര്‍ഘനാള്‍ മുന്നോട്ടുപോയാല്‍ ഒരു പരിധിവരെ പരിഹാരം കാണാനാകുമെന്നും വിമുക്തി ജില്ലാ ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

    വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നു വരികയാണെന്നു ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു. കോവിഡിനു ശേഷം ലഹരി ഉപയോഗം വര്‍ധിച്ച സാഹചര്യത്തില്‍ ഏകരൂപത്തില്‍  ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കേണ്ട സാഹചര്യം ഉള്ളതിനാല്‍ വ്യാപകമായ പരിപാടികള്‍ ജില്ലയില്‍ സംഘടിപ്പിച്ചു വരുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു.

    ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്. തദ്ദേശ സ്വയംഭരണസ്ഥാപന തലങ്ങളിലും വാര്‍ഡ് തലങ്ങളിലും ജാഗ്രതാ സമിതികള്‍ രൂപീകരിച്ച് കഴിഞ്ഞു. പ്രാദേശിക തലങ്ങളില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു ജാഗ്രതാ സമിതികള്‍ നേതൃത്വം നല്‍കും.

    പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഹരിവിരുദ്ധ സെമിനാറുകള്‍ സംഘടിപ്പിക്കുകയും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ ബോധവല്‍ക്കരണ ക്ലാസുകളും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. കോളനികള്‍ കേന്ദ്രീകരിച്ച്  സോഷ്യല്‍ ആക്ഷന്‍ ഫോറം വോളന്ററി ആക്ഷന്‍ ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. 

     പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ ഊരുകള്‍ കേന്ദ്രീകരിച്ചു ലഹരി വിരുദ്ധ പ്രതിജ്ഞ,  ലഹരി വിരുദ്ധ ബോധവല്‍ക്കരണവും പ്രദര്‍ശനവും നടന്നു. കുട്ടമ്പുഴ പഞ്ചായത്തില്‍ ലഹരിയില്‍ നിന്ന് മുക്തി നേടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി പദ്ധതി രൂപീകരിച്ചിട്ടുണ്ട്.

     പോലീസ്, എക്‌സൈസ്, ആരോഗ്യം, തദ്ദേശസ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍  വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചു ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 22ന്  ചെറായി ബീച്ചില്‍ ഭക്ഷ്യമേളയും സാംസ്‌കാരിക പരിപാടിയും ജാഗ്രത ദീപം തെളിയിക്കല്‍ തുടങ്ങിയ പരിപാടികള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കും.

     ജില്ലയിലെ എല്ലാ നഗരസഭകളും കേന്ദ്രീകരിച്ച് ലഹരി വിമുക്ത പ്രവര്‍ത്തനങ്ങള്‍ സജീവമായി നടന്നുവരുന്നുണ്ട്. നഗരസഭ, താലൂക്ക്, വാര്‍ഡ് തലങ്ങളിലും ജാഗ്രത സമിതികള്‍ രൂപീകരിച്ച കഴിഞ്ഞു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ പ്രതിജ്ഞ, കൂട്ടയോട്ടം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.

     പോലീസ്, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാംപയിനിന്റെ ഭാഗമായി കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചു.  അയല്‍ക്കൂട്ടങ്ങള്‍ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ചു സമഗ്ര ചര്‍ച്ച നടത്തി. കുടുംബശ്രീയുടെ സൈബര്‍ ജാലകം പദ്ധതിവഴി കഴിഞ്ഞവര്‍ഷം ലഹരി ഉപയോഗം കൂടുതലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി (ഹോട്ട് സ്‌പോട്ട്) എക്‌സൈസ് വകുപ്പിനെ അറിയിച്ചിരുന്നു. 

    യോഗത്തില്‍ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, കെ.എന്‍ ഉണ്ണികൃഷ്ണന്‍, ജില്ലാ കളക്ടര്‍ ഡോ.രേണുരാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആലുവ റൂറല്‍ എസ്.പി വിവേക് കുമാര്‍, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷ്ണര്‍ ആര്‍.ജയചന്ദ്രന്‍, തദ്ദേശ സ്ഥാപന അധ്യക്ഷര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date