Skip to main content

ഐ.എസ്.എലിൽ താരങ്ങളാകാൻ ഊരിലെ കായിക താരങ്ങൾ

 

മഞ്ഞക്കടലിരമ്പുന്ന കൊച്ചി രാജ്യാന്തര സ്റ്റേഡിയത്തിലെ അടുത്ത ഐ.എസ്.എൽ മത്സരത്തിൽ താരങ്ങളാകാനൊരുങ്ങി ഒരു കൂട്ടം വിദ്യാർത്ഥികൾ. വിവിധ ആദിവാസി ഊരുകളിൽ നിന്നുള്ള കായിക വിദ്യാർത്ഥികൾക്കാണ് കൊച്ചിയിൽ നടക്കുന്ന അടുത്ത മത്സരത്തിൽ അപൂർവ്വ ഭാഗ്യം തേടിയെത്തിയത്. കേരള ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റി എഫ്.സിയും കൊമ്പുകോർക്കുന്ന മത്സരത്തിൽ ഇരു ടീമുകളെയും കൈ പിടിച്ച്  ആനയിക്കുന്നത് ഇവരാണ്.

ഈ മാസം 28നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടായ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ മൂന്നാമത്തെ  മത്സരം. കാസർകോട് കരിന്തളം ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ്‌ സ്‌ക്കൂളിലെ 22 കായിക വിദ്യാർത്ഥികളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞ ജേഴ്സിയും മുംബൈ സിറ്റിയുടെ നീല ജേഴ്സിയുമണിഞ്ഞ് താരങ്ങൾക്കൊപ്പം കളിക്കളത്തിലിറങ്ങുന്നത്. 

മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ കെ.വി ധനേഷിനൊപ്പമാണ്  കുട്ടികൾ കാസർകോട്‌ നിന്ന്‌  കൊച്ചിയിലെത്തുന്നത്. ടിവിയിൽ മാത്രം കണ്ട്‌ കൈയ്യടിച്ച്‌ ആരാധിച്ചിരുന്ന താരങ്ങളെ നേരിൽ കാണാൻ പോകുന്നതിന്റെ ആവേശത്തിലാണ്‌ കുട്ടികൾ. അതേസമയം ഐ.എസ്.എൽ പോലെ പ്രധാനപ്പെട്ട ടൂർണമെന്റുകളിൽ ആദിവാസി ഊരുകളിൽ നിന്നുള്ള പട്ടിക വർഗ വിദ്യാർഥികൾ താരങ്ങളെ കൈപിടിച്ച്‌ മൈതാനത്തേക്കെത്തുന്നത് അപൂർവ സംഭവമായതിനാൽ രാജ്യത്ത് തന്നെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് ഇവർ.

ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ പ്രസിഡൻ്റായ പി.വി ശ്രീനീജിൻ എം.എൽ.എയുടെ ശ്രമഫലമായാണ് ഊരിലെ താരങ്ങളെ കളത്തിലേക്കെത്തിക്കുന്നത്. ആലുവ ട്രൈബൽ എക്‌സ്‌റ്റൻഷൻ ഓഫീസർ ആർ. അനൂപ്‌, മൂവാറ്റുപുഴ ട്രൈബൽ ഡവലപ്‌മെന്റ്‌ ഓഫീസിലെ ഉദ്യോഗസ്ഥനായ കെ.എം. മുനീർ എന്നിവരാണ് ഇക്കാര്യം എം.എൽ.എ.യുടെ ശ്രദ്ധയിൽ പെടുത്തിയത്.

date