Skip to main content
ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ പാനായിക്കുളത്ത് നടന്ന ശീമക്കൊന്ന നടീൽ ക്യാമ്പയിൻ ഉദ്ഘാടനം പ്രസിഡൻ്റ് പി .എം മനാഫ് നിർവഹിക്കുന്നു

ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ   ശീമക്കൊന്ന കാമ്പയിന് തുടക്കമായി

 

ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ  തെങ്ങിന് പച്ചിലവളം ഉത്പാദനത്തിനായി  ശീമക്കൊന്ന നടീൽ പ്രവൃത്തിയുടെ ഉദ്ഘാടനം നടന്നു. 
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേര രക്ഷാ വാരാചരണത്തിന്റെ ഭാഗമായി നടന്ന ശീമക്കൊന്ന  നടീൽ ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം മനാഫ് ഉദ്ഘാടനം ചെയ്തു. 
 ശീമക്കൊന്നയുടെ കാർഷിക പ്രാധാന്യം  വർദ്ധിപ്പിക്കുന്ന തരത്തിൽ കമ്പുശേഖരണവും ,തെങ്ങിൻ തോപ്പുകളിൽ നട്ടുപിടിപ്പിക്കലും ,കാർഷിക വിളകൾക്ക് പുതയിടലും ,ജൈവവളക്കൂട്ടുകളുടെ നിർമാണത്തിനുപയോഗിക്കലുമായി ആലങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവൻ പ്രവർത്തനങ്ങൾ നടത്തിവരുന്നു.  കർഷകർ പച്ചിലവളത്തിനായി ശീമക്കൊന്ന ഉപയോഗിച്ചിരുന്നു.അത് മണ്ണിൻ്റെ പോഷക ഗുണം കൂട്ടാൻ ഏറെ ഗുണകരമായിരുന്നു. ഇത്തരം വളം കൂടുതലായി മണ്ണിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ ശീമക്കൊന്ന കാമ്പയിൻ സംഘടിപ്പിക്കുന്നത്.

പാനായിക്കുളത്തെ നാളികേര കർഷകനായ പി.എ ഹസൈനാരുടെ കൃഷിയിടത്തിൽ ശീമക്കൊന്ന നടീൽ ഉദ്ഘാടനം നടന്നു. ഗ്രാമ പഞ്ചായത്തംഗം ഉഷാ രവി അധ്യക്ഷത വഹിച്ചു .ആലങ്ങാട് കൃഷി ഓഫീസർ ചിന്നു ജോസഫ് ,കൃഷി അസിസ്റ്റൻ്റ് എസ് .കെ ഷിനു , പി.ടി  ശോഭന , കെ.വിവിനോദ് ലാൽ, കർമ്മ സേനാ ട്രഷറർ പി.എൻ വിനോദ് ,കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

date