Skip to main content

കേരഗ്രാമം പദ്ധതി : കർഷകർക്ക് അപേക്ഷിക്കാം

കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് നാളികേര കര്‍ഷകര്‍ക്ക് വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കളമശ്ശേരി നിയോജക മണ്ഡലത്തിലെ ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ  കേരഗ്രാമം പദ്ധതി നടപ്പിലാക്കുന്നു. ആലങ്ങാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ നാളികേര കൃഷി ചെയ്യുന്ന മുഴുവൻ കർഷകർക്കും കേരഗ്രാമം പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നിലവില്‍ ഉള്ള തെങ്ങുകളുടെ തടം തുറക്കല്‍, തെങ്ങിൻ തോപ്പുകളിൽ ഇടവിള കൃഷി പ്രോത്സാഹനം , ജൈവപരിപാലനം, ജലസേചന സൗകര്യമൊരുക്കല്‍, തെങ്ങുകയറ്റ യന്ത്രം ലഭ്യമാക്കല്‍, പുതിയ തോട്ടങ്ങള്‍ നിർമ്മാണം ,രോഗ കീടനിയന്ത്രണം ,തെങ്ങിന് മരുന്നു തളിക്കൽ, സൗജന്യമായി ജൈവവളം നൽകൽ  തുടങ്ങിയ ആനുകൂല്യങ്ങള്‍ക്ക് കുറഞ്ഞത് പത്ത് തെങ്ങെങ്കിലും കൃഷി ചെയ്യുന്ന കർഷകർക്ക്  അപേക്ഷിക്കാം. താത്പര്യമുള്ള കര്‍ഷകര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി, കൃഷി ഭൂമിയുടെ തന്നാണ്ട് കരമടച്ച രസീത്/കൈവശ രേഖയുടെ കോപ്പി, ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി, തെങ്ങിന്റെ കൃത്യമായ എണ്ണം എന്നിവയുമായി നവംബർ 15 നുള്ളില്‍ ഗ്രാമ പഞ്ചായത്തിലെ 21 വാർഡിലും രൂപീകരിക്കുന്ന കേര സമിതികൾവഴി സമർപ്പിക്കേണ്ടതാണ്.കേരഗ്രാമം പദ്ധതിയുടെ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി ഒക്റ്റോബർ 19 മുതൽ 25 വരെ വാർഡുതല കേര സമിതികൾ രൂപീകരിക്കുന്നു.

date