Skip to main content

കുന്നംകുളം ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ഉദ്ഘാടനം ഇന്ന് (ഒക്ടോബർ 22 ) 

 

കുന്നംകുളത്തെ 220 കെ വി  ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷൻ ഉദ്ഘാടനം ഇന്ന് ( ഒക്ടോബർ 22 ) വൈകീട്ട് 3 മണിക്ക് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻ കുട്ടി നിർവ്വഹിക്കും. കുന്നംകുളത്തെ നിലവിലെ 110 കെ വി സബ്സ്റ്റേഷന്റെ ശേഷി 220 കെ വിയിലേയ്ക്ക് ഉയർത്തുന്നതിന്റെ ഭാഗമായി 220 കെ വിയുടെ ഗ്യാസ് ഇൻസുലേറ്റഡ്  സബ്സ്റ്റേഷന്റെ നിർമാണം ട്രാൻസ്ഗ്രിഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ചത്. സർക്കാരിന്റെ ഊർജ്ജ കേരള മിഷൻ പദ്ധതിയുടെ ഭാഗമായി വൈദ്യുത പ്രസരണ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി സർക്കാരും കെഎസ്ഇബിയും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് ട്രാൻസ് ഗ്രിഡ്. 

പദ്ധതി പ്രാവർത്തികമാകുന്നതോടെ  തടസം  ഒഴിവാക്കി വൈദ്യുതി വിതരണം സുഗമമാക്കാൻ കഴിയും. തൃശൂർ മാടക്കത്തറയിൽ പവർഗ്രിഡ് പുതുതായി നിർമിച്ച എച്ച്.വി.ഡി.സി സ്റ്റേഷനിൽ നിന്ന് മാലാപ്പറമ്പിലേയ്ക്ക് പോകുന്ന ലൈനിൽ നിന്ന് വടക്കാഞ്ചേരി മുതൽ കുന്നംകുളം വരെ പുതിയ മൾട്ടി സർക്യൂട്ടിനാവശ്യമായ ടവറുകൾ സ്ഥാപിച്ചാണ് ഇവിടേക്കാവശ്യമായ വൈദ്യുതി എത്തിക്കുന്നത്. 220 കെ വി ഗ്യാസ് ഇൻസുലേറ്റഡ് സബ്സ്റ്റേഷനും അനുബന്ധ ലൈനുകൾക്കുമായി  127 കോടി രൂപ ഭരണാനുമതി ലഭിച്ച പദ്ധതികളാണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. 

കുന്നംകുളം സബ്സ്റ്റേഷന് പുറമെ സമീപത്തുള്ള പുന്നയൂർക്കുളം, ഗുരുവായൂർ, കണ്ടശാംകടവ്, അത്താണി, വിയ്യൂർ എന്നീ 110 കെ വി സബ് സ്റ്റേഷനുകളിലേക്കും ബ്ലാങ്ങാട്, ചാവക്കാട്, കൊങ്ങന്നൂർ, മുണ്ടൂർ, എരുമപ്പെട്ടി, വാടാനപ്പിള്ളി, മുല്ലശ്ശേരി, അന്തിക്കാട് എന്നീ 33 കെ വി സബ് സ്റ്റേഷനുകളിലേക്കും ആവശ്യമായ വൈദ്യുതി ഇവിടെ നിന്നും നൽകാനാകും. അതിനായി 100 എം.വി.എ ശേഷിയുള്ള 220/110 കെ വിയുടെ രണ്ട് ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചിട്ടുണ്ട്.

വൈദ്യതി വിതരണം നടത്തുന്നതിന് 110 കെ വി യുടെ 9 ഫീഡർ ബേയുടെയും 3 ട്രാൻസ്ഫോർമർ  ബേയുടെയും നിർമാണം പുരോഗമിക്കുകയാണ്. ഒന്നാം ഘട്ടത്തിലെ 5 ഫീഡർ  ബേയുടെയും 1 ട്രാൻസ്ഫോർമർ ബേയുടെയും നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. 110/11 കെ വി ട്രാൻസ് ഫോർമറുകളുടെ ശേഷി 25 എംവിഎയിൽ നിന്ന് 40 എംവിഎ ആയി ഉയർത്തുന്ന ജോലിയും 3 ബേകളുടെ നിർമാണവും ദ്രുതഗതിയിൽ പുരോഗമിക്കുന്നു.മൂന്നാം ഘട്ടത്തിൽ നിലവിലുണ്ടായിരുന്ന 110 കെ വി യാർഡ് പുതുക്കിപ്പണിയുന്ന ജോലികൾ ഈ സാമ്പത്തിക വർഷം തന്നെ പൂർത്തീകരിക്കാൻ സാധിക്കും. ഇതോടെ കുന്നംകുളം സബ്സ്റ്റേഷൻ പൂർണമായും ഓട്ടോമാറ്റിക് ഓപ്പറേഷനിലേയ്ക്ക് മാറ്റപ്പെടും. 110 കെവി വോൾടേജ് ലെവലിൽ മാത്രം 20 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ രമ്യ ഹരിദാസ് എംപി, എംഎൽഎമാരായ മുരളി പെരുനെല്ലി, എൻ കെ അക്ബർ, സേവർ ചിറ്റിലപ്പിള്ളി,  തുടങ്ങിയവർ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ,  നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ, ജില്ലാ കലക്ടർ ഹരിത വി കുമാർ,  ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, കെഎസ്ഇബി ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

date