Skip to main content

അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതി : കാമ്പയിന്‍ നടത്തി

അതിദാരിദ്ര്യ കുടുംബങ്ങള്‍ക്ക് അവശ്യരേഖകള്‍ നല്‍കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന അവകാശം അതിവേഗം പദ്ധതിയുടെ ഇലന്തൂര്‍ ബ്ലോക്കിലെ ഉദ്ഘാടനവും കാമ്പയിനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി നിര്‍വഹിച്ചു. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിക്കായി സര്‍ക്കാര്‍ നല്‍കിയ എല്ലാ നിര്‍ദ്ദേശങ്ങളും സമയബന്ധിതമായി നടപ്പിലാക്കിക്കൊണ്ട് പദ്ധതി പൂര്‍ത്തികരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

 

ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ നിന്ന്  അതിദാരിദ്ര്യ ലിസ്റ്റില്‍ ഉള്‍പ്പെട്ട രണ്ട് കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ്, ഏഴ് പേര്‍ക്ക് ആധാര്‍ കാര്‍ഡ്, പന്ത്രണ്ട് പേര്‍ക്ക് തിരിച്ചറിയല്‍ രേഖ എന്നിവ റവന്യൂ, സപ്ലൈ ഓഫീസ്, അക്ഷയ സെന്റര്‍ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെ കാമ്പയിനില്‍ നല്‍കി.

 

യോഗത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ അഭിലാഷ് വിശ്വനാഥ്, ഇലന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ ഷാജന്‍, ജിജി ചെറിയാന്‍, സാം.പി.തോമസ്, അജി അലക്‌സ്, ബിഡിഒ സി.പി രാജേഷ് കുമാര്‍, ജോയിന്റ് ബിഡിഒ ഗിരിജ, ഹൗസിങ് ഓഫീസര്‍ ആശ,  ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിമാര്‍, റാന്നി, കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാര്‍, റാന്നി, കോഴഞ്ചേരി റവന്യു വകുപ്പ് ജീവനക്കാര്‍, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date