Skip to main content
 എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ 437 പേർക്ക് ഭിന്നശേഷി സഹായ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു.

ഭിന്നശേഷി സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

 

ഹൈബി ഈഡൻ എം .പിയുടെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും സാമൂഹ്യ നീതി വകുപ്പും കേന്ദ്ര സർക്കാർ സ്ഥാപനമായ അലിംകോയും സംയുക്തമായി എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ 437 പേർക്ക് ഭിന്നശേഷി സഹായ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തു. എറണാകുളം സെന്റ് തെരേസാസ് കോളേജിൽ നടന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷിക്കാർ പ്രത്യേക പരിഗണന അർഹിക്കുന്നവരാണെന്നും അവരെ പൊതു സമൂഹത്തോട് ചേർത്ത് നിർത്തണമെന്നും വി.ഡി സതീശൻ അഭിപ്രായപ്പെട്ടു. ഹൈബി ഈഡൻ എം. പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശ്രമങ്ങൾ പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലത്തിലെ നോർത്ത് പറവൂർ, നായരമ്പലം, പള്ളുരുത്തി, കാക്കനാട് എന്നിങ്ങനെ നാല് സ്ഥലങ്ങളിൽ നടത്തിയ ക്യാമ്പുകളിൽ നിന്ന് തെരഞ്ഞെടുത്തവർക്കാണ് ഉപകരണങ്ങൾ വിതരണം ചെയ്തതെന്ന് ഹൈബി ഈഡൻ എം. പി പറഞ്ഞു.

ട്രൈ സൈക്കിൾ, ഫോൾഡബിൾ വീൽ ചെയർ, ക്രച്ചസ്, വാക്കിംഗ് സ്റ്റിക്ക്, റോളേറ്റേഴ്സ്, ഹിയറിങ് എയിഡുകൾ, എം.എസ്.ഐ.ഇ.ഡി കിറ്റുകൾ, സി.പി ചെയറുകൾ,സുഗമ്യ കെയിൻസ്, അന്ധർക്കുള്ള സ്മാർട്ട് ഫോണുകൾ, ബ്രെയിലി കിറ്റ്, ആർട്ടിഫിഷ്യൽ ലിംഫുകൾ എന്നിവയാണ് വിതരണം ചെയ്തത്. 437 പേർക്ക് 758 ഉപകരണങ്ങളാണ് വിതരണം ചെയ്തത്.

ചടങ്ങിൽ ടി.ജെ വിനോദ് എം.എൽ.എ, കെ.ബാബു എം.എൽ.എ, കെ.എൻ ഉണ്ണികൃഷ്ണൻ എം.എൽ.എ, കൗൺസിലർ മനു ജേക്കബ്, ജില്ലാ സാമൂഹ്യ നീതി വകുപ്പ് ഓഫീസർ കെ.കെ ഉഷ തുടങ്ങിയവർ പങ്കെടുത്തു.

date