Skip to main content

ലഹരി വിരുദ്ധ കാമ്പയിൻ : മനുഷ്യ മഹാ ശൃംഖല നവംബർ  ഒന്നിന് ; എല്ലാവരും  പങ്കാളിയാകണം - ഡെപ്യൂട്ടി സ്പീക്കർ

സംസ്ഥാന സർക്കാർ നടത്തുന്ന ലഹരി വിമുക്ത കേരളം കാമ്പയിന്റെ  ഭാഗമായി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ  കേരളപ്പിറവി ദിനമായ നവംബർ ഒന്നു വരെ നീണ്ടുനിന്ന  പ്രചാരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ച് അടൂർ നഗരത്തിന് ചുറ്റും  മനുഷ്യശൃംഖല തീർക്കുന്നു. സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന മയക്കുമരുന്നിന് എതിരായ  ജനകീയ യുദ്ധമാണ്  ഒക്ടോബർ രണ്ട് മുതൽ ആരംഭിച്ചിട്ടുള്ളത്.

 

വലിയ പിന്തുണയും സ്വീകാര്യതയുമാണ് ഈ പരിപാടിക്ക് ലഭിച്ചിട്ടുള്ളത്. സമാപനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലയിൽ മുഴുവൻ ജനവിഭാഗവും പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ  അഭ്യർഥിച്ചു. നവംബർ ഒന്നിന്  ഉച്ച കഴിഞ്ഞ് 2.30 ന് അടൂർ യു ഐ ടി  ജംഗ്ഷനിൽ നിന്നും ആരംഭിച്ച് അടൂർ ഗാന്ധി സ്മൃതി മൈതാനത്ത് സമാപിക്കുന്ന തരത്തിലാണ് ശൃംഖല സംഘടിപ്പിച്ചിട്ടുള്ളത്.

 

അടൂർ നഗര പ്രദേശങ്ങളിലെ മുഴുവൻ സ്കൂളുകളും, ഹയർസെക്കൻഡറി സ്കൂളുകളും, ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജ്, മാർ ക്രിസോസ്റ്റം  കോളേജ്, ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളേജ്, അടൂർ ബി എഡ് സെന്റർ, യുഐടി  അടൂർ, സിന്ധു ഐടിസി  എന്നീ സ്ഥാപനങ്ങളിലെ മുഴുവൻ വിദ്യാർത്ഥികളും, വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ, യുവജന സംഘടനകൾ  എന്നിവർ ഈ ശൃംഖലയിൽ അണിചേരും. ലഹരിവിരുദ്ധ  നൃത്തശില്പം അടൂർ സെൻമേരീസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കും, ലഹരിവിരുദ്ധ സന്ദേശം പകരുന്ന ഫ്ലാഷ് മോബ്  മാർ ക്രിസോസ്റ്റം കോളേജ് കുട്ടികൾ അവതരിപ്പിക്കും.

 

തുടർന്ന് നടക്കുന്ന ലഹരി വിരുദ്ധ  സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും . ലഹരിക്കെതിരായ  സാമൂഹ്യ പങ്കാളിത്തത്തോടെയുള്ള പോരാട്ടത്തിൽ അടൂർ  മണ്ഡലത്തിലെ മുഴുവൻ ജനങ്ങളും പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അഭ്യർഥിച്ചു.

 

മനുഷ്യശൃംഖലയുടെ വിളംബരം അറിയിച്ചുകൊണ്ട് ഒക്ടോബർ 31ന് വൈകിട്ട് 4.30 ന് അടൂർ പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ  അടൂർ ഗാന്ധി സ്മൃതി മൈതാനം വരെ വിളംബര ജാഥ നടത്തും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മുൻസിപ്പൽ ചെയർമാൻ  ഡി. സജി, വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്,  അടൂർ നഗരസഭയിലെ ജനപ്രതിനിധികൾ, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ അഡ്വ. ജോസ് കളിയ്ക്കൽ, വിവിധ സാമൂഹ്യ രാഷ്ട്രീയ നേതാക്കൾ, അയൽക്കൂട്ടം, സിഡിഎസ് അംഗങ്ങൾ തുടങ്ങിയവർ വിളംബര ജാഥയിൽ പങ്കെടുക്കും.

date