Skip to main content

ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി ആക്ഷന്‍ പ്ലാനിന് അംഗീകാരം

ജില്ലയിലെ നാലു മുനിസിപ്പാലിറ്റികളുടെ കേരള ഖരമാലിന്യ പരിപാലന പദ്ധതി ആക്ഷന്‍ പ്ലാനിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണസമിതി യോഗം അംഗീകാരം നല്‍കി. ജില്ലയിലെ തിരുവല്ല, അടൂര്‍, പത്തനംതിട്ട, പന്തളം എന്നീ നാല് മുനിസിപ്പാലിറ്റികള്‍ക്ക് ഈ പദ്ധതി പ്രകാരം 27.70 കോടി രൂപയാണ് അഞ്ച് വര്‍ഷത്തേക്ക് അനുവദിച്ചിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരും കേരള സര്‍ക്കാരും ലോകബാങ്കും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് കേരള ഖരമാലിന്യ പരിപാലന പദ്ധതി.

 

നിലവിലുള്ള ഖരമാലിന്യപരിപാലന പദ്ധതികള്‍ നവീകരിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിനും നൂതന ശാസ്ത്രസാങ്കേതിക വിദ്യകള്‍ ഈ മേഖലയില്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
പദ്ധതി തുകയുടെ പത്തു ശതമാനമാണ് ഈ വര്‍ഷം ഓരോ മുനിസിപ്പാലിറ്റികള്‍ക്കുമായി അനുവദിച്ചിരിക്കുന്നത്. തിരുവല്ല മുനിസിപ്പാലിറ്റിക്ക് 88,53,500 രൂപയും, പത്തനംതിട്ട നഗരസഭയ്ക്ക് 63 ലക്ഷം രൂപയും അടൂര്‍ നഗരസഭയ്ക്ക് 48,99680 രൂപയും പന്തളം നഗരസഭയ്ക്ക് 64,61750 രൂപയുടെ പദ്ധതികള്‍ക്കുമാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്. തദ്ദേശഭരണസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണ പുരോഗതി അവലോകനം ചെയ്യുന്നതിനായി ബ്ലോക്ക്തല യോഗങ്ങള്‍ ഈ മാസം 14, 15, 16 തീയതികളില്‍ ചേരാനും ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു.

 

ജില്ലാ പഞ്ചായത്തിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ്, ആസൂത്രണസമിതി അംഗങ്ങളായ വി.ടി. അജോമോന്‍, സി.കെ. ലതാകുമാരി, ലേഖ സുരേഷ്, ബീന പ്രഭ, ആര്‍.അജയകുമാര്‍, ജിജി മാത്യു, രാജി ചെറിയാന്‍, പി.കെ. അനീഷ്, ആര്‍. തുളസീധരന്‍പിള്ള, എല്‍ആര്‍ ഡെപ്യുട്ടി കളക്ടര്‍ ബി. ജ്യോതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date