Skip to main content

ലഹരിക്കെതിരേ ഒന്നിക്കും തെരുവിൽ; 'ലഹരിയില്ലാ തെരുവ്' നാളെ (നവംബർ 1)

 

കോട്ടയം: സംസ്ഥാന സർക്കാർ ലഹരിക്കെതിരേ നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ജില്ലാഭരണകൂടം സംഘടിപ്പിക്കുന്ന 'ലഹരിയില്ലാ തെരുവ്' ചൊവ്വാഴ്ച(നവംബർ 1) ഉച്ചകഴിഞ്ഞ് മൂന്നു മുതൽ കോട്ടയം ശാസ്ത്രി റോഡിൽ നടക്കും. പാട്ടും നൃത്തവും ഫ്ളാഷ്മോബും മൈമും കലാ-സാഹിത്യപരിപാടികളുമായി തെരുവിനെ പ്രചാരണ വേദിയാക്കുകയാണ് 'ലഹരിയില്ലാ തെരുവ്' പരിപാടി.
മഹാത്മാഗാന്ധി സർവകലാശാല, സ്‌കൂളുകൾ, പ്രഫഷണൽ കോളജുകൾ, കോളജുകൾ, ഐ.റ്റി.ഐ.കൾ, റ്റി.റ്റി.ഐ.കൾ, കലാ-സാംസ്‌കാരിക സംഘടനകൾ, എക്സൈസ്, ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, പൊലീസ്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഉന്നതവിദ്യാഭ്യാസ വകുപ്പ്, ജില്ലാ സ്പോർട്സ് കൗൺസിൽ, പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം തുടങ്ങിയ വിവിധ വകുപ്പുകൾ, ജനപ്രതിനിധികൾ, കലാകാരന്മാർ, കുടുംബശ്രീ, എൻ.സി.സി., എസ്.പി.സി., സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ്, കോട്ടയം നഗരസഭ, എം.ജി. സർവകലാശാല യൂണിയൻ, ജീവനക്കാരുടെ സംഘടനകൾ, കലാസംഘടനകൾ, ഫോക്‌ലോർ അക്കാദമി തുടങ്ങിയവർ പരിപാടിയിൽ പങ്കാളികളാകും. ഓക്സിജനുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കും. സഹകരണ-രജിസ്ട്രേഷൻ വകുപ്പു മന്ത്രി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എം.പി., തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ., എം.എൽ.എ.മാർ, ജനപ്രതിനിധികൾ, ചലച്ചിത്രതാരങ്ങൾ, കലാരംഗത്തെ പ്രമുഖർ എന്നിവർ 'ലഹരിയില്ലാ തെരുവിൽ' പങ്കാളികളാകും.
ഗതാഗത തടസമില്ലാതെ ശാസ്ത്രി റോഡിന്റെ ഒരു വശത്തായി ഒരു കിലോമീറ്റർ നീളത്തിലാണ് 'ലഹരിയില്ലാ തെരുവ്' ഒരുങ്ങുക. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ രണ്ടു മണിക്കൂറിലധികം തുടർച്ചയായി വ്യത്യസ്തമാർന്ന കലാപരിപാടികൾ തെരുവിൽ അരങ്ങേറും. ഒരേ സമയം വിവിധ പരിപാടികൾ അരങ്ങേറുമെന്ന പ്രത്യേകതയുമുണ്ട്. ലഹരിവിരുദ്ധ സന്ദേശമുയർത്തുന്ന ഗ്രൂപ്പിനം കലാപരിപാടികളുമായി ആർക്കും രജിസ്റ്റർ ചെയ്ത് പരിപാടിയിൽ അണിചേരാം.
ഹയർസെക്കൻഡറി, പ്രൊഫഷണൽ കോളജുകൾ, കോളജുകൾക്കായി ലഹരിവിരുദ്ധ മൈം മത്സരവും സംഘടിപ്പിക്കും. വിജയികൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. വിശദവിവരത്തിനും മൈം മത്സര രജിസ്ട്രേഷനും ഫോൺ: 9496825262 (ഈ നമ്പരിൽ വാട്സാപ്പിലും വിവരങ്ങൾ അയയ്ക്കാം).
 

date