Skip to main content

ജില്ലയിലെ പകുതി വോട്ടർമാർ ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിച്ചു

 

- ബന്ധിപ്പിച്ചത് 50.18 ശതമാനം പേർ

കോട്ടയം: ജില്ലയിലെ വോട്ടർമാരിൽ പകുതിപ്പേർ വോട്ടർ പട്ടികയും ആധാറുമായി ബന്ധിപ്പിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ജില്ലയിലെ 15.99 ലക്ഷം വോട്ടർമാരിൽ 8.02 ലക്ഷം പേരാണ് (50.18 ശതമാനം) വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിച്ചത്. ചങ്ങനാശേരി, കടുത്തുരുത്തി നിയമസഭ മണ്ഡലങ്ങളിലാണ് ഏറ്റവുമധികം പേർ ആധാറും വോട്ടർപട്ടികയുമായി ബന്ധിപ്പിച്ചത്.
പാലാ നിയോജകമണ്ഡലം-99,364 പേർ, കടുത്തുരുത്തി-1,01,952, വൈക്കം-99,942, ഏറ്റുമാനൂർ-83,794, കോട്ടയം-70,743, പുതുപ്പള്ളി-77,553, ചങ്ങനാശേരി-1,04,706, കാഞ്ഞിരപ്പള്ളി-78,061, പൂഞ്ഞാർ-86,374 എന്നിങ്ങനെയാണ് ആധാർ-വോട്ടർ പട്ടിക ബന്ധിപ്പിച്ച വോട്ടർമാരുടെ എണ്ണം.
രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് കൂടുതൽ സുതാര്യമാക്കാൻ വേണ്ടിയാണ് ആധാർ നമ്പരും വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്നത്. വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് വഴിയും www.nvsp.in , www.ceo.kerala.gov.in എന്ന ഇലക്ഷൻ കമ്മീഷൻ വെബ്സൈറ്റ് മുഖേനയും വ്യക്തികൾക്ക് അപേക്ഷ നൽകാം.
വോട്ടർ പട്ടികയുടെ ശുദ്ധീകരണം, ഇരട്ടിപ്പ് ഒഴിവാക്കൽ, വോട്ടറുടെ തിരിച്ചറിയൽ ഉറപ്പാക്കൽ എന്നിവ ഉദ്ദേശിച്ചാണ് ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കൽ. ഇതിനായി ബി.എൽ.ഒമാർ വീടുകൾ സന്ദർശിക്കുന്നുണ്ട്. ആധാർ - വോട്ടർ പട്ടിക ബന്ധിപ്പിക്കലിന് ഇലക്ട്രൽ ലിറ്ററസി ക്ലബ് അംഗങ്ങളും എൻ.എസ്.എസ്. വോളണ്ടിയർമാരും സഹായമേകുന്നു. കളക്ട്രേറ്റ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ ഹെൽപ്പ് ഡെസ്‌കുകളുമുണ്ട്.

(കെ.ഐ.ഒ.പി.ആർ. 2646/2022) 
 

date