Skip to main content

 'കോട്ടയം ടൂറിസം' മൊബൈൽ ആപ്പിന്റെ പ്രകാശനം ഇന്ന് (ഒക്‌ടോബർ 31)

 

- രാവിലെ 10.30ന് കളക്‌ട്രേറ്റിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും

കോട്ടയം: ജില്ലയിലെ വിനോദ സഞ്ചാരമേഖല ശക്തിപ്പെടുത്തുന്നതിനും സഞ്ചാരികൾക്ക് സഹായമാകുന്നതിനുമായി ടൂറിസം വകുപ്പ് തയാറാക്കിയ 'കോട്ടയം ടൂറിസം' മൊബൈൽ ആപ്ലിക്കേഷന്റെ പ്രകാശനം ഇന്ന്(തിങ്കളാഴ്ച, ഒക്‌ടോബർ 31) നടക്കും.
രാവിലെ 10.30ന് കളക്‌ട്രേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-സാംസ്‌കാരിക വകുപ്പു മന്ത്രി വി.എൻ. വാസവൻ പ്രകാശനം നിർവഹിക്കും.
തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിക്കും.
ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, എൻ.ഐ.സി. ജില്ലാ ഇൻഫർമാറ്റിക്‌സ് ഓഫീസർ ബീന സിറിൽ പൊടിപാറ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ജി. ശ്രീകുമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവർ പങ്കെടുക്കും.
നാഷണൽ ഇൻഫർമാറ്റിക് സെന്റർ തയാറാക്കിയ ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺ ലോഡ് ചെയ്യാം. ജില്ലയിലെ കായലുകൾ, ഉൾനാടൻ ജലാശയങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പൈതൃകങ്ങൾ, മലയോരവിനോദസഞ്ചാര കേന്ദ്രങ്ങൾ, തീർത്ഥാടനകേന്ദ്രങ്ങൾ, ആയുർവേദ കേന്ദ്രങ്ങൾ, ഗൃഹസ്ഥലീസ്, പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകളും ഗസ്റ്റ് ഹൗസുകളും, റിസോർട്ടുകൾ, ഹോട്ടലുകൾ, ഹോംസ്റ്റേകൾ, സർവീസ്ഡ് വില്ലകൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ആപ്ലിക്കേഷനിൽ നിന്ന് ലഭിക്കും.
വിനോദസഞ്ചാര കേന്ദ്രത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ ആ വിനോദ സഞ്ചാരകേന്ദ്രത്തിന്റെ ചിത്രവും ചെറുവിവരണകുറിപ്പും അവിടെ എത്തുന്നതിനുള്ള ഗൂഗിൾ മാപ്പും സമീപപ്രദേശങ്ങളിലെ താമസസ്ഥലവും ലഭിക്കും. വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്ന് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള ദൂരവും എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. തനത് ഭക്ഷ്യ വിഭവങ്ങൾ, ഉത്പന്നങ്ങൾ, ഉത്സവങ്ങൾ, കലാരൂപങ്ങൾ, ഭക്ഷണശാലകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവയും അടിയന്തരഘട്ടങ്ങളിൽ വിളിക്കുന്നതിന് പൊലീസ് സ്റ്റേഷനുകൾ, ഫയർ സ്റ്റേഷനുകൾ, സർക്കാർ- സ്വകാര്യ ആശുപത്രികൾ തുടങ്ങിയവയുടെ ഫോൺ നമ്പറുകളും ചേർത്തിട്ടുണ്ട്. കോട്ടയം ടൂറിസം ആപ്പ് വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനപ്പെടും.

(കെ.ഐ.ഒ.പി.ആർ. 2644/2022) 

date