Skip to main content

ലഹരിമുക്ത ക്യാമ്പയിൻ ഏറ്റെടുത്ത് ഫെലോഷിപ്പ് കലാകാരന്മാരും

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗത്തിന് തടയിടാനും യുവതയെയും വിദ്യാർഥികളെയും ബോധവൽക്കരിപ്പിക്കാനും ഫെലോഷിപ്പ് കലാകാരൻമാരും രംഗത്തിറങ്ങി. 
 സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ ലഹരിവിരുദ്ധ പരിപാടികൾക്ക് തുടക്കം കുറിച്ചത്.
തലശ്ശേരി, കൂത്തുപറമ്പ്, കണ്ണൂർ, കല്യാശ്ശേരി, എടക്കാട്, ഇരിക്കൂർ, തളിപ്പറമ്പ്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തുകളിലും
തളിപ്പറമ്പ്, പയ്യന്നൂർ നഗരസഭകളിലുമാണ് ലഹരിവിരുദ്ധ ചിത്രപ്രദർശനം, പോസ്റ്റർ പ്രദർശനം, ബോധവൽക്കരണ റാലി, കലാപരിപാടികൾ എന്നിവ നടത്തിയത്. 
 കൂത്തുപറമ്പ് ബ്ലോക്കിൽ അന്ധവിശ്വാസത്തിനും അനാചാരങ്ങൾക്കെതിരെ ഉത്തമൻ നടത്തിയ ഓട്ടൻ തുള്ളൽ വേറിട്ടതായി. എടക്കാട് ബ്ലോക്കിൽ അൻപതോളം കലാപഠിതാക്കളുടെ ചിത്രപ്രദർശനവും കണ്ണൂർ ബ്ലോക്കിൽ ചിറക്കൽ സാംസ്‌കാരിക നിലയത്തിൽ നടന്ന ലഹരിവിരുദ്ധ തിരുവാതിരയും ശ്രദ്ധേയമായി.
ജില്ലയിൽ 46 കലാകാരൻമാരാണ് വിവിധ ക്ലസ്റ്ററുകളിലായി വിവിധ കലകൾ പഠിപ്പിക്കുന്നത്. ഇവരുടെ നേതൃത്വത്തിലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധബോധവൽക്കരണത്തിന് തുടക്കം കുറിച്ചത്.
എടക്കാട് ബ്ലോക്കിലെ  പെരളശ്ശേരി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട്
എ.വി ഷീബ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സിഎം പ്രസീത ടീച്ചർ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെപി ബാലഗോപാലൻ മുഖ്യാതിഥിയായി.
തളിപ്പറമ്പ് എക്‌സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ വി വി ഷാജി ക്ലാസെടുത്തു.  ലഹരി മുക്ത ക്യാംപയിൻ പ്രവർത്തനം തുടരുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ കെ മിനേഷ് അറിയിച്ചു.

 

date