Skip to main content
ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ ചേർന്ന ഡി.പി സി യോഗം

വാര്‍ഷിക പദ്ധതി പുരോഗതി; ആസൂത്രണ സമിതി യോഗം ചേര്‍ന്നു

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വാര്‍ഷിക പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ട്  ജില്ലാ ആസൂത്രണ സമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിസ് മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ ജില്ലാ കലക്ടർ ഹരിത വി കുമാർ പങ്കെടുത്തു. 

വാര്‍ഷിക പദ്ധതി വിഹിതം ചെലവഴിക്കുന്നതില്‍ സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനമാണ്  ജില്ലയ്ക്ക്. 19.47 ശതമാനമാണ് ജില്ലയുടെ വാര്‍ഷിക പദ്ധതി നിര്‍വഹണം. കോർപ്പറേഷൻ 27.79% മുൻസിപ്പാലിറ്റി 21.09%, ബ്ലോക്ക് പഞ്ചായത്തുകൾ 17.79%,  ജില്ലാ പഞ്ചായത്ത് 15.44%, ഗ്രാമപഞ്ചായത്തുകൾ 17.76% എന്നിങ്ങനെയാണ് തദ്ദേശ സ്ഥാപന തലത്തിലെ വാർഷിക പദ്ധതി നിർവ്വഹണം. 15%ൽ താഴെയുള്ള 27 ഗ്രാമപഞ്ചായത്തുകളുടെ പദ്ധതി നിർവ്വഹണം സംബന്ധിച്ച് യോഗം ചർച്ച ചെയ്തു. വാര്‍ഷിക പദ്ധതി ഭേദഗതി ചെയ്യാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 7 വരെ സമയം അനുവദിച്ചിട്ടുണ്ട്. പദ്ധതി തുക ചെലവഴിക്കുന്നതില്‍ കുറവ് വരുത്തിയ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ അവലോകനം ചെയ്യും. ഇതിനായി ഡിസ്ട്രിക് പ്ലാനിംഗ് ഓഫീസറെ യോഗം ചുമതലപ്പെടുത്തി. പദ്ധതി നിർവഹണത്തിൽ  16 പഞ്ചായത്തുകളാണ് മുന്നിട്ടു നിൽക്കുന്നത്. 

മേലൂർ പഞ്ചായത്തിൽ മുതിർന്ന പൗരൻമാർക്കായി  നിർമ്മിച്ച പകൽവീടിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ യോഗം ചർച്ച ചെയ്തു. 2015 മുതൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്നു. പകൽവീട് തുറന്നു നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടർ യോഗത്തിൽ നിർദ്ദേശിച്ചു. 

ഭിന്നശേഷിയുള്ളവരുടെ ഉൾപ്പെടെ സേവനം എല്ലാ മേഖലയിലും ഉപയോഗപ്പെടുത്താൻ വിപുലമായ പദ്ധതിക്ക് രൂപം നൽകുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിന്തുണയും കലക്ടർ ആരാഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ ഭിന്നശേഷി സമൂഹത്തെ കൂടി ഉൾപ്പെടുത്തി അവർക്കും തൊഴിൽ ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. എല്ലാ വിഭാഗക്കാർക്കും എല്ലാ മേഖലകളിലും അവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്നും കലക്ടർ പറഞ്ഞു. 

ജില്ലയിൽ മുങ്ങിമരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കാൻ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിന്റെ ആവശ്യകതയും കലക്ടർ പറഞ്ഞു. വാർഡ് തലത്തിൽ ജാഗ്രത സമിതികൾ രൂപീകരിച്ച് ഓരോ പ്രദേശത്തെയും അപകടകരമായ സ്പോട്ടുകൾ കണ്ടെത്തി നിരീക്ഷണം നടത്തണമെന്നും കലക്ടർ പറഞ്ഞു. റെസ്ക്യൂ സംവിധാനങ്ങളെ കുറിച്ചും അപകടം ഉണ്ടാകുമ്പോൾ സ്വീകരിക്കേണ്ട ഫസ്റ്റ് എയ്ഡ് സംബന്ധിച്ചും കോളേജ് തലത്തിൽ കുട്ടികൾക്ക് പരിശീലനം നൽകേണ്ടതുണ്ടെന്നും കലക്ടർ  പറഞ്ഞു.
 
ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ  അസിസ്റ്റന്റ് കലക്ടർ  വി എം ജയകൃഷ്ണൻ, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസർ എം സുമ, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date