Skip to main content
ഫോട്ടോ: പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ മുന്നൂര്‍ക്കോട് വടക്കുമുറി ജനകീയ വായനശാലയുടെ ഉദ്ഘാടനം അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ നിര്‍വഹിക്കുന്നു.

മുന്നൂര്‍ക്കോട് വടക്കുമുറി ജനകീയ വായനശാല പ്രവര്‍ത്തനം തുടങ്ങി

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ മുന്നൂര്‍ക്കോട് വടക്കുമുറി ജനകീയ വായനശാല പ്രവര്‍ത്തനം തുടങ്ങി. പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെ 2021-22 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് ലക്ഷം രൂപ ഫണ്ട് ചെലവിട്ട് നവീകരിച്ച കെട്ടിടത്തിലാണ് വായനശാല പ്രവര്‍ത്തിക്കുക. ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും വായനശാലകള്‍ ഒരുക്കുകയാണ് ലക്ഷ്യമെന്നും ഇനി നാലു വാര്‍ഡുകളില്‍ കൂടി വായനശാല ഒരുക്കാന്‍ കഴിഞ്ഞാല്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും വായനശാല സജ്ജീകരിക്കാന്‍ സാധിക്കുമെന്നും പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ജയശ്രീ പറഞ്ഞു. വിദ്യാര്‍ത്ഥികളാണ്  പ്രധാനമായും വായനശാലയെ ഉപയോഗപ്പെടുത്തുന്നതെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
നാട്ടുകാരുടെ സഹകരണത്തോടെയാണ് വായനശാലയിലേക്കുള്ള പുസ്തകങ്ങള്‍ സമാഹരിച്ചത്. നോവലുകള്‍, കഥാസമാഹാരങ്ങള്‍, കവിതാ സമാഹാരങ്ങള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങിയവയെല്ലാം വായനശാലയില്‍ ഒരുക്കിയിട്ടുണ്ട്. 20 രൂപയാണ് വായനശാലയില്‍ അംഗത്വത്തിനുള്ള ഫീസ്. വായന പരിഘോഷിപ്പിക്കുന്നതിനോടൊപ്പം വിനോദത്തിനായി കാരംസ് ബോര്‍ഡും വായനശാലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എയാണ് വായനശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

 

date