Skip to main content

കല്‍പ്പാത്തി ദേശീയ സംഗീതോത്സവം ഒമ്പത് മുതല്‍ ഉദ്ഘാടനം വൈകീട്ട് ആറിന്

കല്‍പ്പാത്തി രഥോത്സവത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം വകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നവംബര്‍ ഒമ്പത് മുതല്‍ 13 വരെ നടക്കും. ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച സംഗീത കലാനിധി ടി.വി ശങ്കരനാരായണന്‍ നഗര്‍ വേദിയില്‍ ഒമ്പതിന് വൈകീട്ട് ആറിന് വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. പത്മഭൂഷണ്‍ ജേതാവായിരുന്നു അദ്ദേഹം. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീര്‍, രമ്യാ ഹരിദാസ്, എം.എല്‍.എമാരായ എന്‍. ഷംസുദ്ദീന്‍, മുഹമ്മദ് മുഹ്‌സിന്‍, അഡ്വ. കെ. ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍ എന്നിവര്‍ മുഖ്യാതിഥികളാവും.
ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഡി.ടി.പി.സി. സെക്രട്ടറി ഡോ. എസ്.വി. സില്‍ബര്‍ട്ട് ജോസ്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ പി.എന്‍ സുബ്ബരാമന്‍, കണ്‍വീനര്‍മാരായ കെ.എന്‍ ലക്ഷ്മി നാരായണന്‍, പ്രകാശ് ഉള്ള്യേരി, പാലക്കാട് നഗരസഭ കൗണ്‍സിലര്‍മാരായ കെ.വി വിശ്വനാഥന്‍, വി. ജ്യോതി മണി, സ്വരലയ സെക്രട്ടറി ടി.ആര്‍. അജയന്‍, ഡി.ടി.പി.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍മാരായ  ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ കെ. രാമചന്ദ്രന്‍, കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ദേവദാസ്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുക്കും.തുടര്‍ന്ന് കുന്നക്കുടി എം. ബാലമുരളിയുടെ സംഗീത കച്ചേരി നടക്കും.
നവംബര്‍ 10 ന് ശ്യാമശാസ്ത്രി ദിനമായി ആഘോഷിക്കും. അന്ന് വൈകിട്ട് അഞ്ചിന് ചെമ്പൈ സ്മാരക ഗവ സംഗീത കോളെജിലെ വിദ്യാര്‍ത്ഥികള്‍ സംഗീതച്ചേരി അവതരിപ്പിക്കും. വൈകീട്ട് ഏഴിന് പത്മശ്രീ ജേതാവ് സംഗീത കലാനിധി കുമാരി കന്യാകുമാരിയും വിശ്വേഷ് ചന്ദ്രശേഖരനും നയിക്കുന്ന വയലിന്‍ ഡ്യൂയറ്റ് ഉണ്ടാകും. നവംബര്‍ 11 ന് വൈകിട്ട് അഞ്ചിന് ദേവന്‍ അന്തിക്കാടിന്റെ സംഗീത കച്ചേരിയും ഏഴിന് അംബികാപുരം ജി.കെ ശിവരാമന്റെ സംഗീത കച്ചേരിയും നടക്കും. നവംബര്‍ 12 ന് വൈകീട്ട് അഞ്ചിന് ചിറ്റൂര്‍ ഗവ കോളെജിലെ മ്യൂസിക് വിദ്യാര്‍ത്ഥികളുടെ സംഗീത കച്ചേരിയും ഏഴിന് കെ.എസ്. വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീത കച്ചേരിയും നടക്കും.

സമാപന സമ്മേളനം 13 ന്:
മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

കല്‍പ്പാത്തി ദേശീയ സംഗീതോത്സവത്തിന്റെ സമാപനം നവംബര്‍ 13 ന് വൈകീട്ട് ആറിന് ചാത്തപുരം മണി അയ്യര്‍ റോഡില്‍ ടി.വി ശങ്കരനാരായണന്‍ നഗര്‍ വേദിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാകും. എം.എല്‍.എമാരായ പി. മമ്മിക്കുട്ടി, കെ. ബാബു, കെ.ഡി പ്രസേനന്‍, അഡ്വ. കെ. പ്രേംകുമാര്‍, പി.പി സുമോദ് എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.എം. ശശി, മുരളി കെ. താരേക്കാട്, കരിമ്പുഴ രാമന്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി, സംഘാടകസമിതി ചെയര്‍മാന്‍ കെ.എസ് മഹേഷ് കുമാര്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി വാസുദേവന്‍, കണ്‍വീനര്‍ പി. വിജയാംബിക, ഡി.ടി.പി.സി സെക്രട്ടറി ഡോ. എസ്.വി സില്‍ബര്‍ട്ട് ജോസ് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വൈകീട്ട് ഏഴിന് ഐശ്വര്യ വിദ്യയുടെ സംഗീതകച്ചേരിയും ഉണ്ടാകും.

date