Skip to main content

വല്ലപ്പുഴ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ഇന്ന് മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കും

സംസ്ഥാനത്തെ ഏറ്റവും വലിയ ബഡ്‌സ് റിഹാബിലിറ്റേഷന്‍ കെട്ടിടമായ വല്ലപ്പുഴ ഗ്രാമപഞ്ചായത്തിലെ സ്‌നേഹ ഭവനത്തിന്റെ ഉദ്ഘാടനം ഇന്ന് (നവംബര്‍ ആറ്) രാവിലെ 11 ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വഹിക്കും. വല്ലപ്പുഴ റെയില്‍വേ സ്‌റ്റേഷന് സമീപത്തുള്ള സ്‌നേഹഭവനത്തില്‍ നടക്കുന്ന പരിപാടിയില്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാകും. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 105 ലക്ഷം രൂപ ഉപയോഗിച്ചാണ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്റര്‍ കെട്ടിടം നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ പഠനം, പുനരധിവാസം എന്നിവ ലക്ഷ്യമാക്കിയാണ് സ്‌നേഹ ഭവനം-റീഹാബിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ മെന്റലി ചലഞ്ച്ഡ് പ്രവര്‍ത്തിക്കുന്നത്.
പുതിയ കെട്ടിടത്തിനായി എം.എല്‍.എയുടെ 2018-19 സാമ്പത്തിക വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍നിന്ന് 99 ലക്ഷം രൂപയും രണ്ടാംഘട്ടത്തില്‍ എം.എല്‍.എയുടെ 2019-20 സാമ്പത്തിക വര്‍ഷത്തെ പ്രത്യേക വികസന നിധിയില്‍ നിന്നും ആറുലക്ഷം രൂപയും അധികമായി അനുവദിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. മൂന്ന് ക്ലാസ് മുറികള്‍, ഒരു അടുക്കള, ഡൈനിങ്, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശുചിമുറികള്‍, വരാന്ത, വര്‍ക്കിങ് ഷെഡ്, കൗണ്‍സിലിങ് മുറി, ഓഫീസ് മുറി, റാമ്പ് സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. നിലവില്‍ 53 പേരാണ് സ്‌നേഹഭവനത്തില്‍ പ്രവേശനം നേടിയിട്ടുള്ളതെന്ന് വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ ലത്തീഫ് പറഞ്ഞു.
ഉദ്ഘാടന പരിപാടിയില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ അബ്ദുല്‍ ലത്തീഫ്, പാലക്കാട് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാജേഷ് ചന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

date